water-tank
വർഷങ്ങളായി ഉപയോഗശൂന്യമായ കിടക്കുന്ന പുതിയകാവ് പമ്പ് ഹൗസിലെ വാട്ടർ ടാങ്കുകൾ

കുലശേഖരപുരം: കുലശേഖരപുരം പഞ്ചായത്തിന്റെ തീരദേശ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായത് പ്രദേശവാസികളെ വലയ്ക്കുന്നു. പഞ്ചായത്തിലെ 1, 21, 22, 23 വാർഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് പൈപ്പുവെള്ള വിതരണം കതരാറിലായതോടെ വെള്ളമില്ലാതെ നെട്ടോട്ടമോടുന്നത്.
ഉപ്പിന്റെ അംശം കൂടുതലുള്ള തീരദേശ മേഖലയായ ഇവിടെ കുടിവെള്ളത്തിനായി പൈപ്പുവെള്ളത്തെ മാത്രമാണ് നാട്ടുകാർ ആശ്രയിക്കുന്നത്. എന്നാൽ ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത മൂലം പൈപ്പുലൈൻ വഴിയുള്ള ജലവിതരണം പൂർണമായും തകരാറിലായിരിക്കുകയാണ്. തീരദേശ പ്രദേശത്ത് വർദ്ധിച്ചു വരുന്ന
കുടിവെള്ള ക്ഷാമം പരിഗണിച്ച് പതിനഞ്ച് വർഷം മുൻപ് സംസ്ഥാന സർക്കാർ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയെങ്കിലും ആറ് പമ്പ് ഹൗസുകളുള്ള കുലശേഖരപുരം പഞ്ചായത്തിനെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കുലശേഖരപുരം പഞ്ചായത്ത് വഴിയാണ് കരുനാഗപ്പള്ളിയിലേക്ക് കടന്നു പോകുന്നത്. കുലശേഖരപുരത്തെ ജലവിതരണ പൈപ്പ് ഇതുമായി ബന്ധിപ്പിച്ചാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിഹരിക്കാം.

17 ലക്ഷം രൂപ

കുടിവെള്ള ക്ഷാമം രൂക്ഷമായ ഇരുപത്തിരണ്ടാം വാർഡിൽ കായലിൽ നിന്നും അനിയന്ത്രിതമായി ഉപ്പുവെള്ളം കയറി വരുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഉപ്പുവെള്ളം കയറുന്നത് തടയാൻ പതിനേഴ് ലക്ഷം രൂപ ചെലവഴിച്ച് കായിക്കര തോടിന് കുറുകേ തടയണ നിർമ്മിച്ചെങ്കിലും ഇതിന് പിറകുവശത്തുകൂടി വടക്കോട്ടുള്ള നീരോഴുക്ക് ഇപ്പോഴും തുടരുകയാണ്.

കുലശേഖരപുരം പഞ്ചായത്തിന്റെ തീരദേശ ഗ്രാമങ്ങളെ കുടിവെള്ള ക്ഷാമത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കരുത്

കെ.ജെ പ്രസേനൻ
ഡയറക്ടർ ബോർഡ് അംഗം
എസ്.എൻ.ഡി.പി യോഗം

വെളുപ്പിന് മൂന്ന് മണി മുതൽ ജല അതോറിറ്റിയുടെ ടാപ്പുകൾക്കു മുന്നിൽ കുടിനീരിനായി കാത്തു നിൽക്കേണ്ട ഗതികേടാണ് ഗ്രാമവാസികൾക്ക്. അധികൃതർ അടിയന്തര നടപടിയെടുക്കണം.
പി.സജീവ് കുമാർ
എസ്.എൻ.ഡി.പി യോഗം 183-ാം ശാഖാ സെക്രട്ടറി

കുടിവെള്ളമില്ലാത്തതിന്റെ പേരിൽ കുടിയൊഴിഞ്ഞ് പോകേണ്ട ഗതികേടാണ് ഞങ്ങൾക്കുള്ളത്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം.
രേണുജി, കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

6 പമ്പ് ഹൗസുകൾ

4 എണ്ണം തകരാറിൽ

പുത്തൻചന്ത, സംഘപ്പുര ജംഗ്ഷൻ, വള്ളിക്കാവ് ജെട്ടി, പുളിനിൽക്കുംകോട്ട., മനയിൽ ക്ഷേത്ര ജംഗ്ഷൻ, പുത്തൻതെരുവ്,എന്നീ പമ്പ് ഹൗസുകളിൽ നിന്നാണ് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാൽ സംഘപ്പുര ജംഗ്ഷൻ, മനയിൽ ക്ഷേത്ര ജംഗ്ഷൻ എന്നിവടങ്ങളിലെ രണ്ട് പമ്പ് ഹൗസുകൾ ഒഴിച്ച് മറ്റുള്ളവ പൂർണമായും തകരാറിലാണ്. ഇതോടൊപ്പം ആലുംകടവ് പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം നിറുത്തി വെയ്ക്കുകയും ചെയ്തതോടെ അസഹനീയമായ കുടിവെള്ള ക്ഷാമമാണ് നാട്ടുകാർ നേരിടുന്നത്.