mannama

കൊട്ടാരക്കര: താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓഫീസ് അങ്കണത്തിൽ സമുദായാചാരൻ മന്നത്ത് പത്മനാഭന്റെ പ്രതിമ അനാച്ഛാദനവും പത്മ കഫേ ഉദ്ഘാടനവും 30ന് നടക്കും. വൈകിട്ട് 3ന് നടക്കുന്ന യോഗം എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. ശില്പി കരമന ശശി നിർമ്മിച്ച വെങ്കല ശില്പമാണ് യൂണിയൻ ഓഫിസിന് മുന്നിലെ പ്രത്യേക മണ്ഡപത്തിൽ സ്ഥാപിക്കുന്നത്. ചന്തമുക്ക് വൺവേ റോഡിൽ യൂണിയൻ ഓഫീസ് അങ്കണത്തിൽ തന്നെയാണ് പത്മാ കഫേ സ്ഥാപിച്ചിരിക്കുന്നത്.

എൻ.എസ്.എസ് സ്വയം സഹായസംഘങ്ങളുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം സ്ഥാപിക്കുന്ന ഹോട്ടൽ ശൃംഖലയിലെ രണ്ടാമത്തെ ഹോട്ടലാണ് കൊട്ടാരക്കരയിലേത്. സ്വയം സഹായസംഘങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാകും ഇവിടുത്തെ ജീവനക്കാർ. സംഘങ്ങളിൽ നിന്നു തന്നെ ശേഖരിക്കുന്ന കാർഷിക ഉത്പന്നങ്ങളും കറി പൗഡറുകളുമൊക്കെയാകും സ്ഥാപനത്തിൽ ഉപയോഗിക്കുക. ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം ന്യായവിലയിൽ ലഭ്യമാക്കുമെന്ന് എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള, സെക്രട്ടറി സി. അനിൽ കുമാർ, വൈസ് പ്രസിഡന്റ് പി. ഗോപിനാഥൻപിള്ള, തങ്കപ്പൻപിള്ള, കോട്ടാത്തല വിജയൻപിള്ള, എം.എസ്. ഗിരീഷ്, രാജഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.