കൊട്ടാരക്കര: പട്ടാഴിയിൽ റബർ ടാപ്പിംഗ് തൊഴിലാളിയുടെ കാൽ കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പട്ടാഴി ഇരുപ്പാകുഴി സുനിൽ ഭവനത്തിൽ സുനിൽകുമാറിനെയാണ് (40) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. റബർ ടാപ്പിംഗിനെത്തി പട്ടാഴിയിൽ വാടകയ്ക്ക് താമസിച്ചുവന്ന കോട്ടയം കൂട്ടിക്കൽ സ്വദേശി ഷിബുവിന്റെ (49) കാലാണ് ഇടിച്ച് തകർത്തത്. ഭാര്യയെയും ഉപദ്രവിച്ചതായാണ് പരാതി. വളർത്തുനായ്ക്കളെ കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടയിൽ സുനിൽ കുമാറിനെ ഷിബു ടാപ്പിംഗ് കത്തികൊണ്ട് കുത്തുകയും ചെയ്തു. 21ന് രാത്രിയിലായിരുന്നു സംഭവം. കുന്നിക്കോട് എസ്.ഐ ബെന്നിലാലുവിന്റെ നേതൃത്വത്തിലാണ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. ഷിബു കാലിന് സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.