ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ട്കോണം വരെ കൊല്ലം ജില്ല ശൃംഖലയുടെ ഭാഗമായി
കൊല്ലം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ പതിനായിരങ്ങൾ കണ്ണികളായി. വൈകിട്ട് നാലിന് ശൃംഖല തീർക്കുന്നതിന് വളരെ മുമ്പേ ഇടത് മുന്നണി പ്രവർത്തകർ ദേശീയപാതയോരത്ത് കൂട്ടത്തോടെ എത്തിത്തുടങ്ങി. കുട്ടികളും പ്രായമായ അച്ഛനമ്മമാരും ഉൾപ്പെടെ കുടുംബ സമേതമാണ് പ്രവർത്തകർ മിക്കവരും എത്തിയത്. കൃത്യം നാലിന് കാസർകോട് മുതൽ കളിയിക്കാവിള വരെ നീണ്ട മനുഷ്യമഹാ ശൃംഖലയിൽ കൊല്ലവും കണ്ണി ചേർന്നു. ശൃംഖല സൃഷ്ടിച്ചശേഷം പ്രവർത്തർ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. കൊല്ലം ചിന്നക്കട ഉൾപ്പെടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും ശൃംഖലയ്ക്ക് ശേഷം നടത്തി. കൊല്ലം ചിന്നക്കടയിൽ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിഅമ്മ, കെ.രാജു, മേയർ ഹണിബഞ്ചമിൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, പി.കെ ഗുരുദാസൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, കെ.ബി.ഗണേശ് കുമാർ എം.എൽ.എ, എം.മുകേഷ് എം.എൽ.എ, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി തുടങ്ങിയവർ മഹാശൃംഖലയുടെ ഭാഗമായി. തുടർന്ന് നടത്തിയ സമ്മേളനത്തിലും പ്രധാന നേതാക്കൾ പ്രസംഗിച്ചു. കണ്ണിമുറിയാതെ മഹാശൃംഖല തീർക്കുന്നതിൽ ജില്ലയിലെ ഇടത് മുന്നണി നടത്തിയ സംഘാടക മികവ് ശ്രദ്ധേയമായി. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ലോക്കൽ കമ്മിറ്റികൾക്ക് നിശ്ചിത സ്ഥലം മുൻകൂട്ടി വിഭജിച്ച് നൽകിയിരുന്നു. സ്ഥലത്ത് സമയം തെറ്റാതെ മതിയായ പ്രവർത്തകരെ എത്തിക്കുന്നതിൽ പ്രാദേശിക നേതൃത്വങ്ങളും മികവ് കാട്ടി.