കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ 'ഗാന്ധി സ്മൃതി 'കലണ്ടറിന്റെ പ്രകാശനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ മേയർ ഹണി ബെഞ്ചമിന് കലണ്ടർ നൽകി പ്രകാശനകർമ്മം നിർവഹിച്ചു. സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.
നഗരസഭയുടെയും സ്കൂളിലെ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ നിർമ്മിച്ച രണ്ട് സ്മാർട്ട് ക്ലാസ് മുറികളുടെ സമർപ്പണം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. 'തണൽ മാതൃ ജീവനം' പദ്ധതിയുടെ തയ്യൽ പരിശീലന സർട്ടിഫിക്കറ്റ് വാർഡ് കൗൺസിലർ പ്രേം ഉഷാർ വിതരണം ചെയ്തു. കലണ്ടർ പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ 'ഗാന്ധി സ്മൃതി' ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ ഡോ. സുമൻജിത്ത് മിഷ നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. സീനത്ത് ബീവി നന്ദിയും പറഞ്ഞു.