ചാത്തന്നൂർ: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ചാത്തന്നൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ തൊഴിലാളി സമ്പർക്ക ജാഥ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, ക്വാട്ട പ്രമോഷൻ അട്ടിമറിക്കാതിരിക്കുക, ഒഴിവുകൾ നികത്തി പ്രമോഷനുകൾ നൽകുക, ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുക, കരാർ വ്യവസ്ഥകൾ പാലിക്കുക, തസ്‌തികകൾ വെട്ടികുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തിയത്.
ചാത്തന്നൂർ ഡിവിഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡന്റ് എസ്. മുഹമ്മദ് നൗഫൽ ജാഥാ ഡയറക്ടറും, ഡിവിഷൻ സെക്രട്ടറി കെ.വി. മധു ക്യാപ്ടനുമായിരുന്നു.
ചാത്തന്നൂരിൽ ആരംഭിച്ച ജാഥ പാരിപ്പള്ളി, പരവൂർ, മയ്യനാട്, പൂതക്കുളം, കൊട്ടിയം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണനല്ലൂരിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ സി. ബിനു, ബി. സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. ഷാജഹാൻ, എസ്. അശ്വതി, ജി. സരോഷ്, ജി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.