aa
കിണറ്റിൽ വീണ ഉദയനെ ഫയർഫോഴ്സ് കരയ്ക്ക് എത്തിച്ചപ്പോൾ.

പത്തനാപുരം: സ്വന്തം വീട്ടുമുറ്റത്തെ 20 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ വീണ മദ്ധ്യവയസ്കനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. കമുകുംചേരി മില്ലുമുക്കിൽ ഉദയനാണ് (55) കിണറ്റിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. കിണറ്റിൽ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു. തൊടിയിൽ പിടിച്ച് കിടന്ന ഉദയനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുക്കാൻ നടത്തിയ ശ്രമം വിഫലമായതോടെ ആവണീശ്വരം ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർമാൻമാർ ഏണി ഉപയോഗിച്ച് കിണറ്റിലിറങ്ങി ഉദയനെ വലയിലിരുത്തി മുകളിലെത്തിക്കുകയായിരുന്നു. പത്തനാപുരത്ത് നിന്ന് പൊലീസ് സംഘവും സ്ഥലത്തെത്തി. ഫയർഫോഴ്‌സിന്റെ ആബുലൻസും എത്തിച്ചിരുന്നു. ഉദയന് പരിക്കുകളൊന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നില്ല.