krishnakumar-26

കൊല്ലം: റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ സഹോദരിയെ സ്കൂളിൽ കൊണ്ടാക്കിയശേഷം ബൈക്കിൽ മടങ്ങിയ യുവാവ് ടിപ്പർ ഇടിച്ചു മരിച്ചു.

ആര്യങ്കാവ് ഇടപ്പാളയം റെയിൽവേ സ്റ്റേഷന് സമീപം നമശിവായ തോപ്പിൽ ചന്ദനകുമാർ, മിനി ദമ്പതികളുടെ മകൻ കൃഷ്ണകുമാറാണ്(26) മരിച്ചത്. തിരുമംഗലം ദേശീയ പാതയിൽ തെന്മല മൂന്ന് കണ്ണറ പാലത്തിനു സമീപം ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം.
സഹോദരി ജയലക്ഷ്മിയെ റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിന് ഒറ്റക്കല്ലിലെ സ്കൂളിൽ കൊണ്ടാക്കി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.ആര്യങ്കാവിൽ നിന്നും തെന്മല ഭാഗത്തേക്ക് വന്ന ടിപ്പർ ബൈക്കിൽ ഇടിച്ചു. തെറിച്ചു വീണ കൃഷ്ണകുമാറിന്റെ ദേഹത്തുകൂടി ടിപ്പറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു. പെയിന്റിങ് തൊഴിലാളിയായ കൃഷ്ണകുമാർ കുടുംബത്തിന്റെ ആശ്രയമായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ജയലക്ഷ്മി, വിജയകുമാർ, ജയകുമാർ എന്നിവരാണ് സഹോദരങ്ങൾ.
കൊല്ലത്ത് മനുഷ്യ മഹാശൃംഖലയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കൃഷ്ണകുമാറിനെ മരണം കവർന്നത്.