health

ഒരിക്കലെങ്കിലും തലവേദന അലട്ടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ബഹുഭൂരിപക്ഷം തലവേദനകളും അപകടകാരികളല്ലെന്നതാണ് സത്യം. അവയിൽ പ്രധാനിയാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. ഇടക്കിടെയുള്ള മൈഗ്രേൻ തലവേദന അപകടമുണ്ടാക്കില്ലെങ്കിലും ദൈനിംദിന ജീവിതത്തെ പ്രതികൂലമായ ബാധിക്കാം.ജീവിത ശൈലിയുമായി ഏറെ ബന്ധമുള്ള മൈഗ്രേൻ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.

മൈഗ്രേൻ ലക്ഷണങ്ങൾ

 തലയുടെ ഒരു വശത്ത് മാത്രമോ രണ്ടു വശവും മാറി മാറിയോ വരുന്ന തലവേദന, ഓക്കാനം, ഛർദ്ദിൽ

 ഉച്ചത്തിലുള്ള ശബ്ദം, ശക്തമായ വെളിച്ചം എന്നിവ അഹസ്യമാകുന്നു

 ഉന്മേഷമില്ലായ്മ

 യാത്ര, വെയിൽ, ഉറക്കമിളയ്ക്കൽ എന്നിവ തലവേദന വർദ്ധിപ്പിക്കുന്നു

ജീവിത ശൈലിയിൽ കുറച്ച് ശ്രദ്ധിച്ചാൽ മൈഗ്രേൻ ഗണ്യമായി കുറയ്ക്കാം. ചായ, കാപ്പി, ചോക്ലേറ്റ്, അമിതമായ മധുരം എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക. കൃത്യസമയത്തുള്ള ഭക്ഷണവും കൃത്യമായ വ്യായാമവും ശീലിക്കുക. ദൂരയാത്രകൾ കഴിയുമെങ്കിൽ ഒഴിവാക്കുക. വൈയിൽ അധികം കൊള്ളാതിരിക്കുക, ഉറക്കമുളയ്ക്കാതിരിക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.അതേ സമയം ചില തലവേദനകൾ തികച്ചും അപകടകാരിയായ അസുഖങ്ങളുടെ ബാഹ്യലക്ഷണങ്ങളാകാം. ഇത്തരം തലവേദനകളെ നേരത്തെ തന്നെ തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടതും അത്യന്താപേക്ഷിതമാണ്.

അപകടകാരിയായ തലവേദനയുടെ ലക്ഷണങ്ങൾ

 ഇടിമിന്നൽ പോലെ പെട്ടെന്നുണ്ടാകുന്ന ശക്തിയായ തലവേദന

 ഉറക്കത്തിൽ നിന്ന് തലവേദന മൂലം എഴുന്നേൽക്കൽ

 തലവേദനയോടൊപ്പം പനി, അപസ്മാരം, കാഴ്ചക്കുറവ് എന്നിവ

 ശാരീരികബന്ധത്തിലേർപ്പെടുമ്പോഴുള്ള തലവേദന

 ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന തലവേദന

 കടുത്ത തലവേദയ്ക്കൊപ്പം ശരീരത്തിന്റെ, ഒരു ഭാഗത്ത് തളർച്ചയനുഭവപ്പെടുക, സ്പർശന ശേഷി കുറഞ്ഞതായി തോന്നുക

 സംസാരം കുഴഞ്ഞുപോകുന്നതായി തോന്നുക

 സാധാരണ തലവേദനയുണ്ടാവാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദന വരുക

കരുതൽ വേണം

അപകടകരമായ ലക്ഷണങ്ങളുള്ള തലവേദന, തലച്ചോറിൽ രക്തസ്രാവം , മുഴ , തലച്ചോറിൽ പഴുപ്പ് എന്നിങ്ങനെയുള്ള അസുഖങ്ങൾ കൊണ്ടുണ്ടാകാം. ഇവയിലേതെങ്കിലുമുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വിദഗ്ദ്ധാഭിപ്രായം തേടേണ്ടതാണ്. മൈഗ്രേൻ തലവേദനയാണെങ്കിലും കൂടിവരുന്ന തീവ്രതയും നേരത്തെയുള്ളതിൽ നിന്ന് തലവേദനയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവും മറ്റ് അസുഖങ്ങളിലേക്ക് വിരൽ ചൂണ്ടാം. ഈ സന്ദർഭത്തിലും ന്യൂറോളജിസ്റ്റിന്റെ അഭിപ്രായവും മറ്റും പരിശോധനകളും അനിവാര്യമാണ്. കൂടാതെ ഗർഭിണികളിലും 50 വയസിന് മുകളിലുള്ളവരിലും കാൻസർ രോഗികളിലുമുള്ള തലവേദന എത്ര തന്നെ നിസാരമായാലും ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.

ഡോ. എസ്.ആർ.പ്രശാന്ത്

അസി. പ്രൊഫസർ ഇൻ ന്യൂറോളജി,

ഗവ. ടി.ഡി മെഡിക്കൽ കോളേജ്,

ആലപ്പുഴ.

ഫോൺ: 8281592745.