കൊട്ടാരക്കര: തോട്ടണ്ടി ഇറക്കാമെന്ന് വാഗ്ദാനം നൽകി 20 കോടി തട്ടിച്ച കേസിലെ പ്രതിക്കെതിരെ തൊഴിൽ വാഗ്ദാനം നൽകി ഒന്നേകാൽ ലക്ഷം വാങ്ങിയതിനും കേസ്. കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടിൽ അനീഷ് ബാബുവിനെതിരെ (29) യാണ് തൊഴിൽ തട്ടിപ്പിന് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. കൊട്ടാരക്കര സ്വദേശി സുന്ദരന്റെ പരാതിയിലാണ് പുതിയ കേസ്. കൊട്ടാരക്കരയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് സുന്ദരന്റെ ഭാര്യ. ഇവർ മുഖേനയാണ് അനീഷ് ബാബുവിന്റെ അടുത്തെത്തിയത്. ആഫ്രിക്കയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാൽ ലക്ഷം രൂപ ഇവരിൽ നിന്നും അനീഷ് ബാബു വാങ്ങി. എന്നാൽ ജോലി ലഭിച്ചില്ല. ഇടയ്ക്ക് ഇതേപ്പറ്റി സംസാരമുണ്ടായപ്പോൾ എൺപതിനായിരം രൂപയുടെ ചെക്ക് തിരികെ നൽകി. എന്നാൽ അതിൽ പണമുണ്ടായിരുന്നില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അനീഷ് ബാബുവിനെതിരെ പണം തട്ടിച്ച കേസിൽ കൂടുതൽ പരാതികളും എത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.