കുടിലുകൾ അടുത്തയാഴ്ച പൊളിച്ചുനീക്കും
മൾട്ടി ലെവൽ പാർക്കിംഗ് ടവർ നിർമ്മിക്കും
കൊല്ലം: നഗര ചരിത്രത്തിന്റെ ഭാഗമായ റെയിൽവെ സ്റ്റേഷന് എതിർവശത്തെ അലക്കുകുഴി കോളനി രണ്ടാഴ്ചയ്ക്കുള്ളിൽ ഓർമ്മയാകും. മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവർ നിർമ്മാണത്തിനായി ഇവിടത്തെ കുടിലുകൾ അടുത്തയാഴ്ച പൊളിച്ചുനീക്കിത്തുടങ്ങും.
ഒഴിയാൻ ഇനി ഒരു കുടുംബം
അലക്കുകുഴി കോളനി സ്ഥിതി ചെയ്യുന്ന 85 സെന്റ് സ്ഥലത്ത് 24 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇതിൽ നാല് കുടുംബങ്ങൾക്ക് സ്വന്തമായി വീടുള്ളവരാണ്. ശേഷിക്കുന്ന 20 കുടുംബങ്ങളെ ടവർ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുണ്ടയ്ക്കലിൽ പുതിയ വീടുകൾ നിർമ്മിച്ച് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ഒരു കുടുംബം ഇപ്പോഴും കോളനിയിൽ തന്നെ താമസിക്കുകയാണ്. ഇവർക്ക് സ്വന്തമായി വീടുള്ളതിനാൽ ഒഴിപ്പിക്കലിനെതിരെ നൽകിയ പരാതി പരിഗണിക്കേണ്ടെന്നാണ് നഗരസഭയുടെ നിലപാട്.
വൈദ്യുതി ഉടൻ വിച്ഛേദിക്കും
ഒഴിഞ്ഞുപോയ വീടുകളിലേതടക്കമുള്ള വൈദ്യുതി ഇതുവരെ വിച്ഛേദിച്ചിട്ടില്ല. എല്ലാ വീടുകളിലും വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിക്ക് നഗരസഭ ഉടൻ കത്ത് നൽകും.
11 കോടി രൂപയുടെ പാർക്കിംഗ് ടവർ
225 കാറുകൾക്ക് പാർക്കിംഗ്
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കിംഗ് ടവർ നിർമ്മാണത്തിനുള്ള 10.91 കോടി രൂപയുടെ കരാർ കഴിഞ്ഞമാസം നഗരസഭ അംഗീകരിച്ചിരുന്നു. കരാർ അമൃത് ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഒപ്പം കോളനി സ്ഥിതി ചെയ്യുന്ന റവന്യു ഭൂമി നഗരസഭയ്ക്ക് കൈമാറിക്കിട്ടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. അഞ്ച് ബ്ലോക്കുകളിലായി ഒരേസമയം 225 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന ടവറാണ് നിർമ്മിക്കുന്നത്.
കോളനിയുടെ ചരിത്രം
1800 കളുടെ തുടക്കത്തിൽ പട്ടാളക്കാരുടെ വസ്ത്രങ്ങൾ അലക്കാനായി അന്ധ്രയിൽ നിന്ന് എത്തിച്ചവർ കൂട്ടത്തോടെ പാർത്ത സ്ഥലമാണ് അലക്കുകുഴി കോളനി. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടത്തെ താമസക്കാർ അലക്ക് ജോലി തുടർന്നു. പലഘട്ടങ്ങളായി ആന്ധ്രയിൽ നിന്നുമെത്തിയവർ നാട്ടിലേക്ക് മടങ്ങി. മറ്റ് ചിലർ നഗരത്തിൽ മറ്റിടങ്ങളിലേക്കും മാറിതാമസിച്ചു.
'' ഭൂമി റവന്യു വകുപ്പിൽ നിന്ന് കൈമാറി കിട്ടാനും ടവർ നിർമ്മാണത്തിന് മണ്ണ് പരിശോധനയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനൊപ്പം തന്നെ കുടിലുകൾ പൊളിച്ച് നീക്കും.''
എസ്. ഗീതാകുമാരി (ഡെപ്യൂട്ടി മേയർ)