കൊല്ലം: കഴിഞ്ഞ വർഷം ആശ്രാമം ന്യു ഹോക്കി സ്റ്റേഡിയത്തിൽ നിന്ന് പാതിജീവനോടെ മടങ്ങിയ ജൂനിയർ മഹാരാഷ്ട്ര താരം റിതുജ ദാദാസോ പൂർണ ആരോഗ്യവതിയായ തന്റെ സീനിയർ ടീമിനൊപ്പം കളത്തിലിറങ്ങാനുള്ള പരിശീലനത്തിലാണ്. മഞ്ഞപ്പിത്തം ബാധിച്ച് മരണത്തോട് മല്ലടിച്ചാണ് കഴിഞ്ഞതവണ റിതുജ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. അന്താരാഷ്ട്ര തലത്തിൽ ഹോളണ്ടിനെതിരെ കളിച്ച ടീമിന്റെ ഭാഗമായിരുന്ന റിതുജയ്ക്ക് ഈ തിരിച്ചുവരവിൽ കിരീടം മാത്രമാണ് ലക്ഷ്യം. എ ഡിവിഷനിൽ താരത്തിന്റെ ആദ്യ മത്സരം നാളെയാണ്. ഒളിമ്പ്യൻ അജിത് ലാക്കറെയാണ് പരിശീലകൻ.
കഴിഞ്ഞ തവണ കേരള ഹോക്കി മെഡിക്കൽ ടീം റിതുജയെ പരിശോധിച്ച് കളിക്കാനിറക്കരുതെന്ന് പറഞ്ഞിരുന്നെങ്കിലും അത് പാലിക്കാതെ കളിക്കാനിറങ്ങിയ താരം ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. പൂർണ പിന്തുണയുമായി ഹോക്കി കേരളയും ഒപ്പമുണ്ടായിരുന്നു. മികച്ച ചികിത്സയ്ക്കൊടുവിൽ കരൾ മാറ്റിവയ്ക്കണമെന്ന് പറഞ്ഞ സാഹചര്യത്തിൽ നിന്ന് പൂർണ ആരോഗ്യവതിയായശേഷമാണ് റിതുജ നാട്ടിലേക്ക് മടങ്ങിയത്. ചികിത്സയ്ക്കും യാത്രയ്ക്കുമുൾപ്പെടെ എല്ലാ സഹായവും ഹോക്കി കേരളയുടെ നേതൃത്വത്തിലായിരുന്നു.
നാലാം ക്ലാസ് മുതൽ ഹോക്കി റിതുജയുടെ പ്രാണ വായുവാണ്. മെക്കാനിക്കായ പിതാവ് ദാദാസോയും അമ്മ മന്ദയും മൂന്നു സഹോദരങ്ങളും അടങ്ങുന്നതാണ് റിതുജയുടെ കുടുംബം. 2017 ൽ ഇന്ത്യക്കായി ജേഴ്സി അണിഞ്ഞ ഈ പതിനേഴുകാരി ഹോക്കി താരങ്ങളുടെ കോർ ഗ്രൂപ്പിലും അംഗമാണ്.