cctv
പട്ടത്താനത്ത് വീടിന്റെ വാതിൽ തകർത്ത് കവർച്ച നടത്തിയ സംഘത്തിന്റെ സി.സി ടി..വി ദൃശ്യം

കൊല്ലം: പട്ടത്താനത്ത് പട്ടാപ്പകൽ നാലംഗ സംഘം വീടിന്റെ മുൻവാതിൽ പൊളിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു.
പട്ടത്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശം കെ.എസ്.എഫ്.ഇ പ്രാക്കുളം ശാഖാ മാനേജർ സജീവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ തിങ്കളാഴ്ച പകൽ മൂന്നിനായിരുന്നു മോഷണം. ക്ഷേത്രത്തിലെ സി.സി ടി.വി കാമറയിൽ നാലംഗ സംഘം വാതിൽ പൊളിച്ച് അകത്തു കടക്കുന്നത് ഉൾപ്പെടെയുള്ള ദ്യശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനക്കാരെന്ന് സംശയിപ്പിക്കുന്നതാണ് മോഷ്ടാക്കളുടെ രൂപഭാവം. മോഷ്ടാക്കൾ നടന്നാണ് വീടിന് മുന്നിലെത്തിയത്. കവാടം പൂട്ടിയിരുന്നതിനാൽ മൂന്നുപേർ മതിൽ ചാടിക്കടന്നു. ഒരാൾ പരിസരം നിരീക്ഷിച്ച് റോഡിൽ നിന്നു. കതകിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന സംഘം ഒരു അലമാര കുത്തിപ്പൊളിച്ച് പഴ്സിലുണ്ടായിരുന്ന മൂവായിരത്തോളം രൂപ കവർന്നു. വിലപിടിപ്പുളള കാമറ ഉണ്ടായിരുന്നെങ്കിലും അതെടുത്തില്ല. 12 മിനിറ്റ് നേരമാണ് മോഷ്ടാക്കൾ വീട്ടിൽ ഉണ്ടായിരുന്നതെന്ന് സി.സി ടി വി ദ്യശ്യങ്ങൾ വ്യക്തമാക്കുന്നു.
മോഷ്ടാക്കൾ കയറുന്നതിന് അര മണിക്കൂർ മുമ്പാണ് വീട്ടിലുണ്ടായിരുന്ന ഉറ്റബന്ധു വീട് പൂട്ടി പുറത്തുപോയത്. സജീവിന്റെ മകൻ സ്കൂളിൽ നിന്നെത്തിയപ്പോൾ കതകു തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സമീപത്തെ മറ്റ് വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.