കന്റോൺമെന്റ് മൈതാനിയിലെ ഭൂപടത്തിൽ പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും
കൊല്ലം: പൗരത്വ ഭേഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടന സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കന്റോൺമെന്റ് മൈതാനിയിൽ നാളെ (വ്യാഴം) യു.ഡി.എഫ് മനുഷ്യ ഭൂപടം തീർക്കുമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗം ഷിബു ബേബിജോൺ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് മനുഷ്യഭൂപടം നിർമ്മിക്കാൻ ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നായി പതിനായിരത്തിലേറെ പ്രവർത്തകരെ അണിനിരത്തും. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ആദ്ധ്യാത്മിക ആചാര്യൻമാരും മതപുരോഹിതരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. പാർട്ടി പതാകകൾ ഒഴിവാക്കി ദേശീയപതാക മാത്രമാകും പ്രവർത്തകർ കയ്യിലേന്തുക.മഹാത്മാഗാന്ധി വേടിയേറ്റുവീണ സമയമാകുമ്പോൾ പ്രതിജ്ഞ ചൊല്ലിയാണ് ഭൂപടത്തിൽ നിന്ന് പ്രവർത്തകർ പിരിയുക.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തി വരുന്ന സമരങ്ങളുടെ തുടർച്ചയാണ് മനുഷ്യ ഭൂപടം. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അറയ്‌ക്കൽ ബാലകൃഷ്‌ണപിള്ള, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.