
കൊല്ലം: എ.പി.കളയ്‌ക്കാട് സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് നോവലിസ്റ്റ് കെ. ആർ. മീര അർഹയായി. ഫെബ്രുവരി എട്ടിന് കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഇതോടൊപ്പം അനുസ്‌മരണ പ്രഭാഷണവും നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.വി.എൻ.മുരളി, അവാർഡ് നിർണ്ണയ സമിതി കൺവീനർ ഡോ.സി.ഉണ്ണികൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് ഉദ്ഘാടനം ചെയ്യും. 'സൂര്യനെ അണിയുന്ന ഒരു സ്ത്രീ' എന്ന നോവലാണ് മീരയെ അവാർഡിനർഹയാക്കിയത്. 25000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സത്യാനന്തര കാലത്തെ സാംസ്കാരിക പ്രവർത്തനം എന്ന വിഷയത്തിൽ ഡോ.പി.സോമൻ എ.പി.കളയ്‌ക്കാട് അനുസ്‌മരണ പ്രഭാഷണം നടത്തും. സാമൂഹ്യ തിന്മകളെ എഴുത്തു കൊണ്ട് നേരിട്ട് എ.പി.കളയ്ക്കാടിന്റെ സ്മരണ നിലനിറുത്താൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ.എം.കരുണാകരൻ, വൈസ് പ്രസിഡന്റുമാരായ എ.ഗോകുലേന്ദ്രൻ, ചവറ കെ.എസ്.പിള്ള എന്നിവരും പങ്കെടുത്തു.