കൊല്ലം : ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിലെ ബി ഡിവിഷൻ ക്വാർട്ടർ ഫൈനൽ ഇന്ന് ആരംഭിക്കും. പൂൾ എച്ചിലെ നിർണായക മത്സരത്തിൽ സാഗിയെ (സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി) 3-1ന് തോല്‍പിച്ച് എസ്.എസ്.ബി (സശസ്ത്ര സീമാബൽ) ക്വാർട്ടർ ഫൈനലിൽ എത്തി. എസ്.എസ്.ബിയ്ക്ക് വേണ്ടി ധവാൽ മനീഷ രണ്ടു ഗോളുകളും കുല്ലു കുമുദിനി ഒരു ഗോളും നേടി.
സാഗിന്റെ ഗോൾ ശിവാംഗി സോളങ്കിയുടെ വകയായിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന എസ്.എസ്.ബി തകർപ്പൻ കളിയിലൂടെ മൂന്നു ഗോളുകൾ നേടിയാണ് വിജയിച്ചത്. പൂളിലെ മറ്റൊരു മത്സരത്തിൽ ഹിമാചൽ പ്രദേശ് ഒന്നിനെതിരെ ആറ് ഗോളുകൾക്ക് വിദർഭയെ തോൽപ്പിച്ചു. നാലു ഗോളുകൾ നേടിയ അഞ്ജലിയാണ് ഹിമാചലിന്റെ വിജയശിൽപി. പായൽ, സാക്ഷി താക്കൂർ എന്നിവരാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. വിദർഭയ്ക്കായി ആനന്ദ് റാവു യാദ്‌ന്യ സൻഗോലെ ആശ്വാസ ഗോൾ നേടി.
ആദ്യ ക്വാർട്ടർ മത്സരത്തിൽ ഗോവയാണ് എസ്.എസ്.ബിയുടെ എതിരാളികൾ. രണ്ടാം മത്സരത്തിൽ ഗുജറാത്ത് ബംഗളുരുവിനെയും മൂന്നാം ക്വാർട്ടറിൽ എസ്.പി. എസ്. ബി (സ്റ്റീൽല്‍ പ്ലാന്റ് സ്‌പോർട്‌സ് ബോർഡ്) മുംബൈയെയും നേരിടും.അവസാന മത്സരത്തിൽ ചണ്ഡീഗഢ് യൂക്കോബാങ്ക് ഹോക്കി അക്കാദമി പട്യാലയെ നേരിടും. ചാമ്പ്യൻഷിപ്പിൽ എസ്.എസ്.ബിയാണ് ടീം ഗോൾ സ്‌കോറിംഗിൽ മുന്നിലുള്ളത്. 25 ഗോളുകളാണ് ഇതുവരെ അവരുടെ സമ്പാദ്യം.
ടൂർണമെന്റിലെ എ ഡിവിഷൻ മത്സരങ്ങൾ നാളെ (വ്യാഴം) ആരംഭിക്കും. മദ്ധ്യപ്രദേശും ഭോപ്പാലും തമ്മിലാണ് ഉദ്ഘാടന മത്സരം.