photo
എം.സി റോഡരികിൽ കൊട്ടാരക്കര പുലമൺ കുന്നക്കരയ്ക്ക് അടുത്തായി മണ്ണിടിയുന്ന ഭാഗം

കൊട്ടാരക്കര: "മാറി നിൽക്ക് വല്യമ്മേ, മതിലിടിഞ്ഞ് വീഴുന്നു"- കോമഡിക്കാരുടെ ഈ പഴയ ഡയലോഗ് കൊട്ടാരക്കരക്കാർ ഇപ്പോൾ എന്നും പറയുകയാണ്. എം.സി റോഡിൽ കൊട്ടാരക്കര പുലമൺ കവലയ്ക്കും കുന്നക്കരയ്ക്കും ഇടയ്ക്ക് റോഡരികിലെ വലിയ കുന്ന് റോഡിലേക്ക് ഇടിഞ്ഞുതള്ളുന്നതിനാൽ വഴിയാത്രക്കാരോടാണ് കാര്യമായിട്ടും തമാശയായിട്ടും ഈ ഡയലോഗ് പറയേണ്ടി വരുന്നത്. കഴിഞ്ഞ പെരുമഴക്കാലത്താണ് ഇവിടെ കുന്ന് ഇടിയാൻ തുടങ്ങിയത്. അന്ന് മണ്ണും ചെറുമരങ്ങളും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയും നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ ഉൾപ്പടെ അടിയിലാവുകയും ചെയ്തു. ഏറെ നേരം ഗതാഗത തടസവുമുണ്ടായി.

പിക്കപ്പ്, മിനി ലോറികളുടെ സ്റ്റാന്റിലേക്കും കുറച്ച് റോഡിലേക്കുമാണ് മണ്ണിടിഞ്ഞുവീണത്. അന്ന് ഇടിഞ്ഞുതള്ളിയ മണ്ണ് നീക്കിയതൊഴിച്ചാൽ സുരക്ഷ ഉറപ്പാക്കാൻ പിന്നീട് ഒന്നും ചെയ്തില്ല. ഇപ്പോൾ ശേഷിക്കുന്ന കുന്ന് ഏത് നിമിഷവും റോഡിലേക്ക് ഇടിഞ്ഞുതള്ളുമെന്ന നിലയാണ്. എപ്പോഴും തിരക്കേറിയ എം.സി റോഡിൽ വളരെ ഉയരത്തിലുള്ള മണ്ണും മരങ്ങളും വീണാൽ വലിയ അപകടത്തിനാകും കാരണമാകുക. കുന്ന് റോഡിൽ നിന്ന് ഏറെ അകലെയല്ലാത്തതാണ് യാത്രക്കാരുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നത്.

അപകട സാദ്ധ്യത ഒഴിവാക്കണം

തിരക്കേറിയ റോഡിന്റെ വശത്തായി ഉയരത്തിലുള്ള ഭാഗം ഇടിഞ്ഞുവീഴുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കും. അതിന് മുമ്പായി ഇവിടെ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയോ മണ്ണ് പൂർണ്ണമായും നീക്കം ചെയ്യുകയോ വേണം. സ്വകാര്യ ഭൂമിയാണെങ്കിലും റോഡിന്റെ സുരക്ഷ മുന്നിൽക്കണ്ട് സർക്കാർ സംവിധാനം ഉപയോഗിച്ച് ഇവിടെ മണ്ണിടിച്ചിൽ ഒഴിവാക്കേണ്ടതാണ്.

ഇനിയൊരു ദുരന്തത്തിന് വഴിയൊരുക്കരുത്

കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്ന് കുന്നക്കരയ്ക്ക് പോകുന്ന ഭാഗത്തെ മൺ തിട്ട ഇടിഞ്ഞുതള്ളുന്നത് യാത്രക്കാരിൽ ഭീതി പരത്തുന്നുണ്ട്. വരുന്ന മഴക്കാലത്തിന് മുമ്പായി ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. നേരത്തെ മണ്ണിടിഞ്ഞപ്പോൾ അധികൃതരെത്തിയിരുന്നെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല.

(ജുബിൻഷാ, കൗൺസിലർ, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ)