പത്തനാപുരം: വിദ്യാർത്ഥികളിൽ വായനാസംസ്കാരം വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ഒരു ലക്ഷം ക്ലാസ് റൂം വായനശാലകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വിളക്കുടി സർക്കാർ എൽ.പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൗതിക സാഹചര്യങ്ങൾക്കൊപ്പം പഠനനിലവാരവും ഉയർത്തി സർക്കാർ സ്കൂളുകളെ അന്താരാഷ്ട്ര തലത്തിലെത്തിക്കും. ആറ് മാസത്തിനുളളിൽ 141 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.ബി. ഗണേശ്കുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അജിമോഹൻ, ഉപാദ്ധ്യക്ഷ പി.വി. ഷീജ, വാർഡംഗം വി.ആർ. ജ്യോതി, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ. സജീദ്, ജെ. സജീവ്, പി. ശ്രീദേവിഅമ്മ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ എച്ച്. രാജീവൻ പ്രഥമാദ്ധ്യാപിക എസ്. ഉഷാകുമാരിഅമ്മ, വിളക്കുടി ചന്ദ്രൻ, കെ. വിജയകുമാർ, തുടങ്ങിയവർ സംസാരിച്ചു.