ravi
കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു

കൊല്ലം: മാനവികതയെ ഉണർത്താൻ കഴിയുന്ന തരത്തിൽ ദിശാബോധമുള്ളതാകണം വായനയെന്ന് മന്ത്റി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രന്ഥശാലാ സംഘം പ്ലാ​റ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. ആഴത്തിലുള്ള വായന പ്രതിരോധം കൂടിയാണ്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും മാത്രമാക്കി വായന ചുരുങ്ങരുത്. നിഷ്‌കളങ്കവും ക്ലാസിക്കലുമായ കേവല വായന മൂലധന ശക്തികളുടെ ആശയങ്ങളെ അറിയാതെ സ്വീകരിക്കാനിടയാക്കുമെന്നും മന്ത്റി പറഞ്ഞു.

എം നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ കെ.എസ് പിള്ള, എസ്. നാസർ, ഡി. സുകേശൻ, ആർ. അനിൽ, ജി. വേലായുധൻ, അബുബേക്കർ കുഞ്ഞ് എന്നിവർ സംസാരിച്ചു. കെ.ബി. മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു.

രാവിലെ നടന്ന ഗ്രന്ഥശാലാ സംഗമം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.എസ്. വിനോദും 'നവകേരള നിർമ്മിതിയിൽ ഗ്രന്ഥശാലകളുടെ പങ്ക്' എന്ന വിഷയത്തിൽ ഡോ. പി.കെ. ഗോപനും പ്രഭാഷണം നടത്തി. 'നമ്മളൊന്ന്' എന്ന വിഷയത്തിൽ സമൂഹ ചിത്രരചനയും ആതിര സുന്ദറിന്റെ കേരളീയം നൃത്ത പരിപാടിയും നടന്നു.