maranam

ചാത്തന്നൂർ: മസ്ക്കറ്റിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്നു വീണു മരിച്ച യുവാവിന്റെ മൃതശരീരം നാട്ടിൽ കൊണ്ടുവന്ന ദിവസം പിതാവ് ഹൃദയാഘാതം വന്നു മരിച്ചു.

ചാത്തന്നൂർ താഴം തെക്ക് സൗപർണ്ണികയിൽ സജൻ ലാലാണ് കഴിഞ്ഞ ഇരുപത്തിയാറിന് മസ്ക്കറ്റിൽ മരിച്ചത്. താഴം തെക്ക് ലാൽ സദനിൽ സുരേന്ദ്രനാണ് (79) മകന്റെ വിയോഗം താങ്ങാനാവാതെ ഇന്നലെ മരിച്ചത്.

സജൻ ലാലിന്റെ മൃതദേഹം ഇന്നലെ നാട്ടിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. മകന്റെ വേർപാട് അറിഞ്ഞതു മുതൽ അസ്വസ്ഥനായ സുരേന്ദ്രൻ ഇന്നലെ പുലർച്ചെ വീട്ടിൽ കുഴഞ്ഞു വീണു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേവറത്തെ സഹ. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകന്റെ സംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങിയ വീട് പിതാവിന്റെ അന്ത്യകർമ്മങ്ങൾക്കും വേദിയായി. വൈകുന്നേരത്തോടെ സുരേന്ദ്രന്റെ മൃതദേഹം കുടുംബ വീട്ടുവളപ്പിലും മകൻ സജൻ ലാലിന്റെ മൃതദേഹം തൊട്ടടുത്തുള്ള സ്വന്തം വീട്ടുവളപ്പിലും സംസ്കരിച്ചു. ഭർത്താവിന്റെയും മകന്റെയും ഒന്നിച്ചുള്ള വേർപാടിൽ കടുത്ത ദുഃഖത്തിലാണ് വീട്ടമ്മയായ സുഭഗ. മറ്റുമക്കൾ: സീബ, സൈജു. മരുമക്കൾ: പ്രീത, രാജീവ്, റാണി.

സജൻലാലിന്റെ ഭാര്യ: പ്രീത. മക്കൾ: അക്ഷരലാൽ, നവമിലാൽ, മരുമകൻ: സി.എസ് കണ്ണൻ (എസ്.എൻ.വി .ജി എച്ച് എസ് പരവൂർ).സഞ്ചയനം ഫെബ്രുവരി ഒന്നിന് രാവിലെ 8.30ന്.