രാമനാട്ടുകര (കോഴിക്കോട്): വിവാഹ വാഗ്ദാനം നൽകി ഇതരസംസ്ഥാനക്കാരിയെ പെൺവാണിഭത്തിനു ഇരയാക്കിയെന്ന കേസിൽ യുവതിയടക്കം രണ്ടു പേർ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് കോട്ടപ്പാടം പൂളമണ്ണ ഹൗസിൽ മൊയ്തീനും (34), കൊല്ലം പൂതക്കുളം കലയ്ക്കോട് സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയുമാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിൽ വാടകവീട് കേന്ദ്രീകരിച്ചു അനാശാസ്യം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നു ഫറോക്ക് സി.ഐ കെ. കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പെൺവാണിഭ സംഘം പിടിയിലായത്. അസാം സ്വദേശിയായ യുവതിയെയാണ് പെൺവാണിഭത്തിനായി ഉപയോഗിച്ചത്. വിവാഹം കഴിപ്പിച്ചു നൽകമെന്നു പറഞ്ഞു യുവതിയെ ബംഗളൂരുവിൽ നിന്ന് എത്തിച്ചതായിരുന്നു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.