കൊല്ലം: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഐ.എം. എയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കായി കൊറോണ വൈറസിനെക്കുറിച്ച് ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ സുസ്ഥിരമായ ആരോഗ്യ പരിപാലനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഗവൺമെന്റ്-പ്രൈവറ്റ് എന്ന വേർതിരിവ് പാടില്ലെന്നും കളക്ടർ അഭിപ്രായപെട്ടു. സർക്കാരിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സ്വകാര്യ ആശുപതികൾ ബാധ്യസ്ഥരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ പ്രൊഫ. ഡോ. സിനിയ ടി നുജു, ഡോ. ശശികുമാരി, ഡോ. ലിഷ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വി ഷേർളി, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. മണികണ്ഠൻ, ഐ എം എ ജില്ലാ പ്രസിഡന്റ് ഡോ. ബാബുചന്ദ്രൻ, ആർ. സി. എച്ച് ഓഫീസർ ഡോ. വി. കൃഷ്ണവേണി, ആർദ്രം അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ടിമ്മി എന്നിവർ പങ്കെടുത്തു.