കൊല്ലം: കൊല്ലം കോർപ്പറേഷന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇന്റലിജന്റ് മാനേജ്മെന്റ് സിസ്റ്റം (ഐ.പി.എം.എസ്) പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച ഡ്രോൺ സർവേയിൽ ആരും ആശങ്കപ്പെടേണ്ടെന്ന് മേയർ ഹണി ബഞ്ചമിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഗരത്തിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് വിവിധ തരത്തിലുള്ള വിശകലനങ്ങൾക്ക് വിധേയമാക്കി നഗരാസൂത്രണം, പദ്ധതി നിർവഹണം എന്നിവയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള സംവിധാനമാണ് ഐ.പി.എം.എസ് ഡ്രോൺ വിവരശേഖരണം. ഇത് നാലാഴ്ച കൊണ്ട് പൂർത്തിയാക്കും. കമ്മിഷണറുടെ മുൻകൂർ അനുമതിക്ക് പുറമെ അതാത് പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചുമാണ് സർവേ നടത്തുന്നത്.
നഗരസഭ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ അർഹർക്ക് തന്നെ ലഭിക്കാൻ കൂടി സഹായകമാകുന്ന സർവേയ്ക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ. സത്താർ, സെക്രട്ടറി എ.എസ്. അനൂജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഡ്രോൺ സർവേ ഇപ്രകാരം
നഗരപരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെ ചിത്രങ്ങൾ സഹിതമുള്ള മാപ്പ് തയ്യാറാക്കും. റോഡ്, തണ്ണീർത്തടങ്ങൾ, ഓട, പാർക്കിംഗ് കേന്ദ്രം, തരിശുനിലങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും മാപ്പിൽ ഉണ്ടാകും. ഡ്രോൺ സർവേയ്ക്ക് ശേഷം ഓരോ വീടുകളിലും കെട്ടിടങ്ങളിലുമെത്തി വിവരങ്ങൾ ശേഖരിക്കും.