auto-1
ഫാത്തിമമാതാ കോളേജിന് മുന്നിലെ റോഡിൽ കുന്നൂകൂടി കിടന്നിരുന്ന മൺകൂന

കൊല്ലം: നമ്മുടെ അധികൃതർ ഇങ്ങനെയാണ്. നടപടിയെടുക്കാൻ അപകടം ഉണ്ടാകുന്നത് വരെ കാത്തിരിക്കും. ഫാത്തിമമാതാ കോളേജിന് മുന്നിലെ റോഡിൽ ഇന്നലെ സംഭവിച്ചത് ഈ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്.

ദിവസങ്ങളായി ഇവിടെ റോഡ് നിർമ്മാണത്തിനായി ഇറക്കിയിട്ട മണ്ണ് കുന്നുകൂടി കിടക്കുകയായിരുന്നു. ചെമ്മാംമുക്ക് റെയിൽവേ മേൽപ്പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ പലപ്പോഴും ഈ മൺകൂനയിൽ കയറാതെ വെട്ടിയൊഴിച്ച് പോകുന്നത് പതിവായിരുന്നു. രാത്രികാലത്ത് മൺകൂന കാണാനും ബുദ്ധിമുട്ടായിരുന്നു. എതിരെ വാഹനം വന്നാൽ പെട്ടെന്ന് ബ്രേക്കിട്ട് നിറുത്തുന്നതും അപകടത്തിനിടയാക്കുമായിരുന്നു. പലപ്പോഴും അപകടങ്ങൾ തലനാരിഴയ്ക്കാണ് വഴുതിമാറിയത്.

എന്നാൽ ഇന്നലെ ഈ മണൽക്കൂനയിൽ കയറി ഒരു ഓട്ടോറിക്ഷ മറിഞ്ഞു. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പിൻചക്രം മണൽക്കൂനയിൽ കയറിയതോടെ ഓട്ടോറിക്ഷ റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. ഭാഗ്യവശാൽ ഓട്ടോ റിക്ഷയിൽ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവർക്ക് കാര്യമായ പരിക്കും സംഭവിച്ചില്ല. തൊട്ടുപിന്നാലെയോ എതിരെയോ വാഹനങ്ങൾ വന്നിരുന്നെങ്കിൽ വലിയ അപകടമായേനെ.

ഏതായാലും അപകടം ഉണ്ടായതോടെ അധികൃതർ ഉണർന്നു. ദിവസങ്ങളായി അപകട ഭീഷണി ഉയർത്തി റോഡിൽ കിടന്ന മൺകൂനയും നീക്കം ചെയ്തു.