police
മണപ്പള്ളി പൊലീസ് ഔട്ട് പോസ്റ്റ്

തഴവ: പാവുമ്പയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുമെന്ന അധികൃതരുടെ വാക്ക് പതിരായതോടെ നാട്ടുകാർ നിരാശയിൽ. ക്രമസമാധാന പ്രശ്നങ്ങൾ തുടർക്കഥയായതോടെയാണ് ഇവിടെ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. പതിനഞ്ച് വർഷം മുമ്പ് ഇതിനായി സർക്കാർ നീക്കം നടത്തിയെങ്കിലും നടപടികൾ എങ്ങും എത്തിയിരുന്നില്ല. ഇതിനിടെ നാല് വർഷം മുമ്പ് മേഖലയിൽ ഒരു പൊലീസ് ഔട്ട്പോസ്റ്റ് അനുവദിച്ചു. ഇതും പാവുമ്പയിൽ അനുയോജ്യമായ സ്ഥലമില്ലെന്ന പേരിൽ മണപ്പള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

എന്നാൽ ഇവിടെയുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് സ്ഥിരമായി ഉണ്ടാകുന്നത്. മണപ്പള്ളിയിലെ ഒറ്റമുറിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഔട്ട്പോസ്റ്റിൽ നാല് ജീവനക്കാർ മാത്രമാണുള്ളത്. ഒരു എസ്.ഐ, ഒരു എ.എസ്.ഐ, വാഹനം ഓടിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന ഒരു കോൺസ്റ്റബിൾ, ഒരു ഹോംഗാർഡ് എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേൺ.

വവ്വക്കാവ് റെയിൽവേ ജംഗ്ഷൻ മുതൽ പാവുമ്പ ചിറക്കൽ ജംഗ്ഷൻ വരെയും തെക്ക് കരുനാഗപ്പള്ളി മാളിയേക്കൽ ജംഗ്ഷൻ വരെയുമുണ്ടാകുന്ന എത് സംഭവങ്ങൾക്കും ഓടിയെത്താൻ ഇവർ കഷ്ടപ്പെടുകയാണ്. ഔട്ട് പോസ്റ്റ് ആയതിനാൽ കേസെടുക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്കും പരിമിതിയുണ്ട്. ജില്ലയിലെ മിക്ക ഔട്ട്പോസ്റ്റുകളും പൊലീസ് സ്റ്റേഷനായി മാറിയിട്ടും പാവുമ്പയെ അധികൃതർ അവഗണിക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പാവുമ്പയിൽ തന്നെ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സർക്കാർ സ്ഥലമുണ്ടെങ്കിലും ഇത് ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിൽ അധികൃതർ അനാസ്ഥ തുടരുന്നതായും ആരോപണമുണ്ട്.

ആവശ്യമുയർന്നിട്ട്:15 വർഷം

ഔട്ട് പോസ്റ്റ് സ്ഥാപിച്ചിട്ട്: 4 വർഷം

 4ജീവനക്കാർ

എസ്.ഐ:1

എ.എസ്.ഐ:1

കോൺസ്റ്റബിൾ:1

ഹോംഗാർഡ്: 1

..................................

പാവുമ്പയിൽ ഫുൾ പൊലീസ് സ്റ്റേഷൻ വേണമെന്ന് സർക്കാരിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപരമായ നിലപാടാണ് അറിയിച്ചിട്ടുള്ളത്. സ്റ്റേഷൻ വരുന്ന മുറയ്ക്ക് മതിയായ പശ്ചാത്തല സൗകര്യം ഒരുക്കും.

എസ്.ശ്രീലത പ്രസിഡന്റ്, തഴവ ഗ്രാമ പഞ്ചായത്ത്.

.............................
സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാനം പിടിച്ചതാണ് പാവുമ്പ പൊലീസ് സ്റ്റേഷൻ. ഇത് യാഥാർത്ഥ്യമാക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണം.
അഡ്വ.ബി അനിൽകുമാർ, പ്രസിഡന്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി