photo
തകർന്ന് കിടക്കുന്ന പുള്ളിമാൻ -- കോട്ടക്കുഴി ജംഗ്ഷൻ റോഡ്

കരുനാഗപ്പള്ളി: കോട്ടക്കുഴി പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന അപ്രോച്ച് റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആറ് മാസം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ അപ്രോച്ച് റോഡിന്റെ നവീകരണം മാത്രം ഇപ്പോഴും ഫയലിൽ വിശ്രമിക്കുകയാണ്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 19-ം വാർഡിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. പുള്ളിമാൻ ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് കോട്ടക്കുഴി ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൈഘ്യമാണ് റോഡിനുള്ളത്. കരുനാഗപ്പള്ളിയുടെ പടിഞ്ഞാറൻ മേഖലയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.

പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡ് അവസാനമായി ടാർ ചെയ്തത് ഒരു ദശാബ്ദത്തിന് മുമ്പാണ്. ഇതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ കാൽനട യാത്രപോലും ദുസഹമായ അവസ്ഥയാണ്.

പാലത്തിന്റെ പുനർനിർമ്മാണത്തിന് 12.27 ലക്ഷം രൂപയും റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 9.73 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പാലത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 7 മാസമായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പാലത്തിന് അനുവദിച്ചത്: 12.27 ലക്ഷം രൂപ

റോഡ് നവീകരണത്തിന്: 9.73 ലക്ഷം രൂപ

റോഡ് ടാർ ചെയ്തിട്ട്: 10 വർഷം

നീളം: 1 കിലോമീറ്റർ