pachakam
ആരോഗ്യ പാചക മത്സരത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനും മറ്റുള്ളവർക്കും പരിചയപ്പെടുത്തുന്നു

കൊല്ലം: ജില്ലാ കളക്‌ടർ ബി.അബ്‌ദുൽ നാസർ ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് തിരിച്ചത് കൈവശം രണ്ട് പലഹാര പൊതികളുമായാണ്. മുരിങ്ങയില റൊട്ടിയും കായ്പോളയും. കളക്‌ടറേറ്റ് വരാന്തയിൽ വച്ച് ജില്ലാ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന് ആദ്യം കായ്പോള മുറിച്ച് നൽകി. നല്ല രുചിയെന്ന് ജഡ്‌ജി വിധി പ്രഖ്യാപിച്ചപ്പോൾ മുരിങ്ങയില റൊട്ടി മുറിച്ച് തക്കാളി ചട്നിക്കൊപ്പം കൊടുത്തു. അതും നല്ലതെന്ന് ജഡ്‌ജിയുടെ വിധി.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ജനങ്ങൾക്ക് പരിചിതമാക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ പാചക മത്സരത്തിലേക്കാണ് കളക്ടർ വീട്ടിൽ തയ്യാറാക്കിയ വടക്കൻ കേരള വിഭവങ്ങളുമായെത്തിയത്. ലഘുഭക്ഷണം, ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കാവുന്ന കറി, സലാഡ് എന്നിവ വീട്ടിലുണ്ടാക്കി മത്സരത്തിനെത്തണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. കളക്ടർ മാത്രമല്ല, ജീവനക്കാരും കൊണ്ടുവന്ന ആരോഗ്യ ഭക്ഷണങ്ങൾ വരാന്തയിൽ നിറഞ്ഞു. വാഴപിണ്ടി സലാഡ്, അമൃതം പൊടി കിണ്ണത്തപ്പം, നുറുക്ക് ഗോതമ്പ് ഉപ്പുമാവ്, റാഗി ചപ്പാത്തി, പരിപ്പ് കറി, പീനട്ട് സലാഡ്, പീനട്ട് ചമ്മന്തി, അശോകപൂവ് കിണ്ണത്തപ്പം, ചീര കട്ലറ്റ്, കപ്പ മെഴുക്ക് പുരട്ടിയത്, എള്ള് കുഴക്കട്ട, മുതിര രസം, റാഗി ലഡു, മുട്ട ചേമ്പില തോരൻ,കറ്റാർ വാഴ ചമ്മന്തി, ചക്ക ചിക്കൻ വെജിറ്റബിൾ, മുളപ്പിച്ച പയർ സലാഡ്, ചക്ക വരട്ടി, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നാടൻ രുചി വിഭവങ്ങൾ കളക്ടറേറ്റ് വളപ്പിൽ നിറഞ്ഞു.

കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലും കോടതികളിലും എത്തിയവർ ഇവിടേക്കെത്തി. വിഭവങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല അതുണ്ടാക്കുന്ന വിധം എഴുതി പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൽസമയ പാചകവും ഒരുക്കിയിരുന്നു.

രാഗിയും ചോളവും പച്ചക്കറികളും ഉപയോഗിച്ച് പുട്ട് തയ്യാറാക്കിയതിനൊപ്പം ഓട്സും തൈരും പച്ചക്കറികളും ചേർത്ത് ഓട്സ് ഊത്തപ്പവും ജീവനക്കാർ കാഴ്ചക്കാർക്ക് മുന്നിൽ തൽസമയം തയ്യാറാക്കി. പാചക പ്രമുഖരെ എത്തിച്ച് ഓരോ വിഭവത്തിന്റെയും മൂല്യം നിർണയിച്ച് മാർക്ക് നൽകി പാചക വിജയികളെയും കണ്ടെത്തി. അടുക്കളയ്ക്ക് ആരോഗ്യ പാചകം കണ്ടെത്തിയാണ് ഇന്നലെ കളക്ടറേറ്റിലെത്തിയവർ മടങ്ങിയത്. ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. പോഷക സമൃദ്ധമായ ഭക്ഷണത്തിന് പകരം ഫാസ്​റ്റ് ഫുഡും ജങ്ക് ഫുഡും ആഹാരക്രമത്തിൽ കയറിപ്പ​റ്റിയത് ഉത്കണ്ഠയുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഷെഫ് ശബരിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിധി നിർണയം നടത്തി.

സ്നാക്സ് വിഭാഗത്തിൽ ആയുർവേദ വകുപ്പും കറി വിഭാഗത്തിലും സാലഡ് വിഭാഗത്തിലും കൃഷിവകുപ്പും ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് കളക്ടർ പുരസ്‌കാരങ്ങൾ നൽകി. ഡി.എം.ഒ ഡോ. വി. വി ഷേർലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. മണികണ്ഠൻ, ആർ.സി.എച്ച് ഓഫീസർ ഡോ. കൃഷ്ണവേണി, ഡോ. ടിമ്മി റോഡ്രിഗ്സ്, മാസ് മീഡിയ ഓഫീസർ ഗീതാമണി അന്തർജ്ജനം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.