കൊല്ലം: ശൂരനാട് ബാലചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു തികഞ്ഞ വിപ്ളവ ചിന്താഗതിക്കാരനെയാണ് നഷ്ടമായത്. മുഖ്യധാര ഇടത് പക്ഷത്തിന്റെ പാതയിൽ നിന്നും മാറിനടന്ന കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ഒരിക്കലും കീഴടങ്ങാത്ത മനസ്സും വിട്ടുവീഴ്ചയില്ലാത്ത പ്രതികരണശേഷിയും ഉദാത്തമായ മനുഷ്യ സ്നേഹവും കൈമുതലായുണ്ടായിരുന്ന അപൂർവ വ്യക്തിത്വം!
തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിന്നിരുന്ന പന്തളം പി.ആർ. എന്നറിയപ്പെടുന്ന മുൻ എം.എൽ.എ പന്തളം പി.ആർ.മാധവൻ പിള്ളയുടെ മകനായ ബാലചന്ദ്രനും വിപ്ളവച്ചെങ്കൊടി പിടിച്ചാണ് പൊതുരംഗത്തേക്ക് കാൽവച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പാർലമെന്ററി ജനാധിപത്യ അധികാരമോഹങ്ങളിൽ മനംപിരട്ടലുണ്ടായതോടെ തിരുത്തൽ ശക്തിയാകാൻ യൗവന കാലത്തുതന്നെ ബാലചന്ദ്രൻ മനസ്സൊരുക്കി. ഇതിന്റെ ഭാഗമാണ് ശാസ്താംകോട്ട ഡി.ബി.കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന വേളയിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടിയ്ക്ക് തീയിട്ടത്. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂര മർദ്ദനത്തിനിരയാക്കി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. നക്സൽ വർഗ്ഗീസിനും അജിതയ്ക്കുമൊപ്പം എം.എൽ പ്രസ്ഥാനത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. 1970ൽ നഗരൂർ- കുമ്മിൾ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ചക്കുവള്ളി, കൊല്ലം ഈസ്റ്റ് സ്റ്റേഷനുകളിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. വിപ്ളവത്തിനൊപ്പം പഠനവും നടത്തി ബിരുദം പൂർത്തിയാക്കി ഭോപ്പാലിൽ നിന്നും എം.എ ബിരുദവും സ്വന്തമാക്കി. അടിയന്തരാവസ്ഥയോടെ നക്സൽ പ്രസ്ഥാനത്തിലും കലഹം തുടങ്ങി. മനസ്സ് മടുത്ത ബാലചന്ദ്രൻ സജീവ പ്രവർത്തനത്തിൽ നിന്നും പിൻവാങ്ങി. എഴുത്തിന്റെ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. നിശിത വിമർശനത്തിനും നേരിന്റെ ചിന്തകൾക്കും അക്ഷരങ്ങളിലൂടെ അദ്ദഹം പോരാടുകയായിരുന്നു. വിപ്ളവം യുഗാന്തരങ്ങളിലൂടെ, ചുവപ്പിന്റെ അത്ഭുത പ്രപഞ്ചം, പൊതുജീവിതത്തിലെ വിപ്ളവ കനലുകൾ, ദി ന്യൂ അവന്യൂ ഓഫ് റവല്യൂഷൻ എന്നീ കൃതികൾ ശ്രദ്ധേയമായി. ഇംഗ്ളീഷിലും മലയാളത്തിലുമായി എഴുതിക്കൂട്ടിയ കൃതികൾക്ക് വായനക്കാരും ഏറെയുണ്ടായിരുന്നു. ലളിതജീവിതം നയിച്ച് സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ച് യഥാർത്ഥ കമ്മ്യൂണിസ്റ്റായി ജീവിക്കുകയായിരുന്നു അവസാനകാലത്തും ബാലചന്ദ്രൻ. ഇന്നലെ ഉച്ചയോടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചപ്പോഴും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പറയാൻ ഏറെയുണ്ടായിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹമൊന്നടങ്കം എത്തുകയും ചെയ്തു. ഈങ്ക്വിലാബിന്റെ മുഴക്കത്തോടെ സഖാവിനെ അവർ യാത്രയാക്കി.