കൊല്ലം: കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് ചിന്നക്കടയിൽ സ്റ്റോപ്പനുവദിക്കുന്നത് സംബന്ധിച്ച് കൊല്ലം ഡിപ്പോ അധികൃതർ ചീഫ് ഓഫീസിന് റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ലിങ്ക് റോഡ് വഴി എക്സൈസ് ഓഫീസിന് മുന്നിലെത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്ന ശുപാർശയാണ് റിപ്പോർട്ടിലുള്ളത്.
കൊല്ലം ഡിപ്പോ അധികൃതരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ചീഫ് ഓഫീസാണ് പുതിയ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കൊല്ലം വഴി കടന്നുപോകുന്ന സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുള്ള ബസുകൾക്ക് അറിയിപ്പും നൽകേണ്ടതുണ്ട്.
മേയർ ചർച്ച നടത്തും
കഴിഞ്ഞ ദിവസം പുതിയ സ്റ്റോപ്പാക്കാൻ ഉദ്ദേശിക്കുന്ന എക്സൈസ് ഓഫീസിന്റെ മുൻഭാഗം പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇവിടെ ഹൈടെക് ബസ് ഷെൽട്ടർ നിർമ്മിച്ച് നൽകാമെന്ന് നഗരസഭ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് മേയർ കൊല്ലം ഡിപ്പോ അധികൃതരുമായി വൈകാതെ ചർച്ച നടത്തും.
തിരുവനന്തപുരത്തേയ്ക്ക് പോകാൻ സ്റ്റോപ്പില്ലാതെ ചിന്നക്കട
നിലവിൽ ചിന്നക്കടയിലെത്തുന്ന യാത്രക്കാർക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറാൻ ഓട്ടോറിക്ഷ പിടിക്കേണ്ട ഗതികേടിലാണ്. നഗരഹൃദയമായ ചിന്നക്കടയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾക്ക് പോലും സ്റ്റോപ്പില്ലാത്തതാണ് പ്രശ്നം.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ഓർഡിനറി ബസുകൾ സെന്റ് ജോസഫ് കോൺവന്റ് കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിലാണ് നിറുത്തുന്നത്. ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്കും സ്റ്റോപ്പ് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലേയുള്ളു. വടക്ക് നിന്നുള്ള സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റുകൾക്ക് കൊല്ലം ഫെയർ സ്റ്റേജ് ചിന്നക്കട വരെ അനുവദിച്ചിട്ടുണ്ടെങ്കിലും സ്റ്റോപ്പില്ലാത്തതിനാൽ ഇതിന്റെ പ്രയോജനം ലഭിക്കാറില്ല.