ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡ് കാരാളിമുക്ക് മേഖലയിലെ കെ.ഐ.പി കനാലിന്റെ മുന്നൂറ് മീറ്ററോളം ഭാഗം വൃത്തിയാക്കാത്തത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായി. മലിനമായിക്കിടന്ന കനാലിന്റെ ഈ ഭാഗം തുറന്നു വിട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വേനൽ ശക്തമായതോടെ കനാൽ തുറന്നു വിടുന്നതിനായി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ വൃത്തിയാക്കണമെന്ന് കെ.എ.പി അധികൃതർ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ ചപ്പുചവറുകൾ കാടുമൂടിയ ഭാഗത്ത് അടിഞ്ഞുകൂടിയതോടെയാണ് വെള്ളം കനാലിൽ നിന്ന് പുറത്തേക്കൊഴുകാൻ തുടങ്ങിയത്. ഇതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതോടെ കെ.എ.പിയിൽ നിന്ന് ജീവനക്കാരെത്തി വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കുകയായിരുന്നു.
കനാൽ ജലം പ്രധാനം
പ്രദേശവാസികൾ ഇവിടെയുണ്ടാകുന്ന വരൾച്ചയെ ഒരു പരിധി വരെ നേരിടുന്നത് കനാൽ ജലത്തിന്റെ സഹായത്തോടെയാണ്. കനാൽ തുറന്നു വിടുന്നതോടെ താലൂക്കിന്റെ പല ഭാഗങ്ങളിലും കൃഷിയിടങ്ങളിലും ജലമെത്തും. ഇതാണ് ഗ്രാമ പ്രദേശങ്ങളിൽ ഒരു പരിധി വരെ ജലക്ഷാമം പരിഹരിക്കാനുള്ള മാർഗം. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തുകൾ കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കാരാളിമുക്ക് ഭാഗം
കനാൽ കടന്നു പോകുന്ന താലൂക്കിന്റെ എല്ലാ ഭാഗത്തും കനാൽ വൃത്തിയാക്കിയിട്ടും പടിഞ്ഞാറേ കല്ലടയിലെ കാരാളിമുക്ക് ഭാഗത്ത് ഇതുവരെ കനാൽ വൃത്തിയാക്കാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമാണുള്ളത്.
കനാൽ കടന്നു പോകുന്ന പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് തീർത്തത്. വേനൽ കടുത്താൽ ശാസ്താംകോട്ട തടാകത്തിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്ക്കും. അപ്പോൾ സാധാരണയായി കനാൽ ജലം ശുദ്ധീകരിച്ചാണ് കുടിവെള്ളത്തിനായ് പമ്പ് ചെയ്യുന്നത്.