കൊട്ടാരക്കര: കൊടിപിടിച്ച് മുന്നിൽ നടക്കുന്നവരല്ല, മറിച്ച് ബൗദ്ധികമായ മുന്നേറ്റത്തിന് ഇടപെടുന്നവരാണ് നേതാക്കളെന്ന് കവി അനിൽ പനച്ചൂരാൻ പറഞ്ഞു. നെടുമൺകാവ് കുടിയ്ക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷം 'സമന്വയം-2020 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ലോക ജനതയോട് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞു. നന്നാകണമെങ്കിൽ ആദ്യം ഒന്നാകണം. മറ്റ് ചിന്തകളെല്ലാം വെടിഞ്ഞ് ജീവിത വിജയത്തിനും സാമൂഹ്യ വിജയത്തിനുമായി ഒന്നാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കവിതയും സിനിമാ ഗാനങ്ങളും കോർത്തിണക്കിയായിരുന്നു ഉദ്ഘാടന പ്രഭാഷണം.
സ്കൂൾ ചെയർമാൻ പി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ റഹ്മാൻ, പ്രിൻസിപ്പൽ വി.എസ്.ശ്രീകുമാരി, പി.ടി.എ പ്രസിഡന്റ് ബിജി പ്രസാദ്, സ്കൂൾ ലീഡർ ജെ.എസ്.ജിത്തു, ആർട്സ് ക്ളബ് സെക്രട്ടറി ഗായത്രി കൃഷ്ണ, കൺവീനർ ടി.എസ്.വിനീത് എന്നിവർ സംസാരിച്ചു. അമ്പതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത സ്വാഗത നൃത്തവും തുടർന്ന് നൂറ്റമ്പത് വിദ്യാർത്ഥികളുടെ നൃത്ത ശില്പം അടക്കമുള്ള കലാപരിപാടികളും ഉണ്ടായിരുന്നു.
നെടുമൺകാവ് കുടിയ്ക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ വാർഷികം (സമന്വയം 2020) സമാപന സമ്മേളനം കവി അനിൽ പനച്ചൂരാൻ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ ചെയർമാൻ പി.സുന്ദരൻ, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ റഹ്മാൻ, ശ്രീലാ സുന്ദരൻ എന്നിവർ സമീപം