ഹൈസ്കൂൾ ജംഗ്ഷൻ മുതൽ കുണ്ടറ വരെ ഒഴിവാക്കുന്നത് 15 ലധികം സ്റ്റോപ്പുകൾ
ഓർഡിനറികൾക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളേക്കാൾ വേഗത
കൊല്ലം - കുണ്ടറ റൂട്ടിൽ അനുവദിച്ചിരിക്കുന്ന സമയം 45 മിനിട്ട്, ഓടിയെത്തുന്നത് 30 മുതൽ 35 മിനിറ്റിനുള്ളിൽ
അഞ്ചാലുംമൂട്: അഞ്ചാലുംമൂട് - കുണ്ടറ റൂട്ടിലെ സ്വകാര്യ ഓർഡിനറി ബസുകൾക്ക് ചെറിയ ബസ് സ്റ്റോപ്പുകളിൽ നിറുത്തി യാത്രക്കാരെ കയറ്റാൻ മടി. കൊല്ലത്ത് നിന്ന് അഞ്ചാലുംമൂട് വഴി ചെങ്ങന്നൂരിലേക്ക് കെ.എസ്.ആർ.ടി.സി വേണാട് ബസ് സർവീസ് ആരംഭിച്ചതിന് ശേഷം സ്വകാര്യ ബസുകാർ കാട്ടുന്ന അവഗണന മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലയുകയാണ്.
വേണാട് ബസിനേക്കാൾ മുമ്പേ എത്തുന്നതിന് വേണ്ടിയാണ് ചെറുസ്റ്റോപ്പുകൾ ഇവർ ഒഴിവാക്കുന്നത്. അഞ്ചാലുംമൂട് മുതൽ കുണ്ടറ വരെ ഇരുപത്തിയഞ്ച് മിനിട്ട് സമയമാണ് സ്വകാര്യ ബസുകൾക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ മിക്കപ്പോഴും പതിനഞ്ച് മുതൽ പതിനെട്ട് മിനിട്ടിനുള്ളിൽ സ്വകാര്യബസുകൾ വേഗത്തിൽ ഓടിയെത്തുകയാണ്.
വേണാട് സർവീസ് തകർക്കുകയെന്ന ലക്ഷ്യം മാത്രം മുൻനിറുത്തി മിക്ക ബസുകളും സമയക്രമം പാലിക്കാതെ സമയത്തിനും മുമ്പേയാണ് യാത്ര ആരംഭിക്കുന്നത്. സമയത്തെ ചൊല്ലി മുമ്പ് സ്വകാര്യബസ് ജീവനക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നത് ഇപ്പോൾ അവസാനിച്ച മട്ടാണ്. കാരണം ഇപ്പോൾ ബസുകൾ പുറപ്പെടുന്ന സ്ഥലത്ത് നിന്ന് യാത്ര തുടങ്ങിയാൽ പിന്നെ അവസാന സ്റ്റോപ്പ് മാത്രമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.
അവഗണിക്കുന്ന സ്റ്റോപ്പുകൾ
അഞ്ചാലുംമൂട് മുതൽ കുണ്ടറ വരെയുള്ള ഭാഗത്ത് വാഴങ്ങൽ, പാവൂർ വയൽ, ചെമ്മക്കാട്, ഗായത്രി ജംഗ്ഷൻ, ശ്രീശിവൻ മുക്ക്, തൊണ്ടിറക്ക് മുക്ക്, കുരിശ്ശടി എന്നീ ബസ് സ്റ്റോപ്പുകൾ ഉൾപ്പടെ നിരവധി സ്ഥലങ്ങളിലാണ് സ്വകാര്യ ബസുകൾ നിറുത്താത്തത്. ഈ ഭാഗങ്ങളിലെ യാത്രക്കാർ നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ അധികൃതർക്കും കഴിഞ്ഞില്ല. ചില ദിവസങ്ങളിൽ ഗതാഗതവകുപ്പിന്റെ പരിശോധന നടക്കുമെങ്കിലും ഇവ മുൻകൂട്ടിയറിഞ്ഞ് മര്യാദരാമന്മാരായി സർവീസ് നടത്താനും ഇവർക്ക് കഴിയുന്നുണ്ട്.