കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ എ.ഐ.എസ്.എഫ് പ്രവർത്തകനെ സംഘംചേർന്ന് മർദ്ദിച്ചു. മൂന്നാം വർഷ സുവോളജി വിദ്യാർത്ഥി അനു എസ്. അശോകിനാണ് മർദ്ദനമേറ്റത്. എസ്.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. എൻ.സി.സി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാൻ പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയ ശേഷം മടങ്ങിയ അനുവിനെ ഒരു സംഘം വിദ്യാർത്ഥികൾ കല്ലും കമ്പിവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോളേജിലെ നിരവധി എസ്.എഫ്.ഐ പ്രവർത്തകർ സംഘടന വിട്ട് എ.ഐ.എസ്.എഫിൽ ചേർന്നെന്നും ഇവരെ ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിൽ എ.ഐ.എസ്.എഫിലേക്ക് സ്വീകരിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ജോബിൻ ജേക്കബ്, പ്രസിഡന്റ് എ. ഇന്ദുഗോപൻ എന്നിവർ പറഞ്ഞു.