കുന്നത്തൂർ: ശൂരനാട് വടക്ക് ഹൈസ്കൂൾ ജംഗ്ഷനിലെ കുടിവെള്ള പദ്ധതിയിലെ മോട്ടോർ തകരാറിലായതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച. ചക്കുവള്ളി, പള്ളിച്ചന്ത, തെക്കേമുറി, കണ്ണമം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങിയത്. മോട്ടോറിന്റെ തകരാർ പരിഹരിച്ച് ജലവിതരണം കാര്യക്ഷമമാക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗം ലത്തീഫ് പെരുംകുളത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ അടിയന്തരമായി പുതിയ മോട്ടോർ സ്ഥാപിക്കാമെന്നുള്ള ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. നിസാം പാലവിള, ഷാൻ പെരുംകുളം, ഷാബു വലിയവിള, നിഷാദ് പാലവിള, നിഷാം പുരക്കുന്നിൽ, ഷെമീർ, സാദിഖ്,സജീവ് എന്നിവർ നേതൃത്വം നൽകി.