കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിൽ പൂർത്തീകരിച്ചതും പുതുതായി ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ഭവനപദ്ധതി പ്രകാരം ഭവന രഹിതർക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകുന്നതിന് ഒരേക്കർ ഭൂമി വാങ്ങി നൽകിയ കടയ്ക്കൽ ടൗണിലെ വ്യാപാരി അബ്ദുള്ള, സംസ്ഥാനത്തെ മികച്ച ബാങ്ക് പ്രസിഡന്റിനുള്ള പുരസ്കാരം നേടിയ കടയ്ക്കൽ എസ്.സി.ബി പ്രസിഡന്റ് എസ്. വിക്രമൻ, പാലിയേറ്റീവ് മേഖലയിലെ മികച്ച പ്രവർത്തകരായ ലതിക വിദ്യാധരൻ, കെ. വേണു, മാദ്ധ്യമ പ്രവർത്തകൻ സിജി കടയ്ക്കൽ, കലാരംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ അങ്കണവാടി ടീച്ചർ അജിത എന്നിവരെ എം.എൽ.എ ആദരിച്ചു.
പകൽ വീടിന്റെയും ഗ്യാസ് ക്രിമെറ്റോറിയത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയും വിപ്ലവ സ്മാരകത്തിലെ റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്കരനും നിർവഹിച്ചു. കേരളോത്സവം സംസ്ഥാനതല വിജയികളെ എസ്. വിക്രമൻ ആദരിച്ചു. ഗ്രന്ഥശാലകൾക്കുള്ള പുസ്തകങ്ങൾ, ഫർണിച്ചർ എന്നിവയുടെ വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ നിർവഹിച്ചു ഭൗമവിവര പഞ്ചായത്തിന്റെ പ്രഖ്യാപനം ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആർ. ശരത്ചന്ദ്രൻ നിർവഹിച്ചു. മോഹൻദാസ് രാജധാനി, ആർ.കെ. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു സ്വാഗതവും സെക്രട്ടറി ബിജു ശിവദാസൻ നന്ദിയും പറഞ്ഞു.