baby-john-chavara
ചവറയിൽ ആർ. എസ്. പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബേബി ജോണിന്റെ 12-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ആർ. എസ്. പി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യുന്നു

ചവറ: പാവപ്പെട്ടവർക്കായി പോരാടിയ നേതാവായിരുന്നു ബേബി ജോണെന്ന് ആർ. എസ്. പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായിരുന്ന മനോജ് ഭട്ടാചാര്യ പറഞ്ഞു.

ചവറയിൽ ആർ. എസ്. പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബേബി ജോണിന്റെ പന്ത്രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി, അമിത് ഷാ ഗവൺമെന്റ് ഫാസിസ്റ്റ് നയങ്ങളാണ് പിന്തുടരുന്നത്. ദേശീയ രാഷ്ട്രീയം ഇന്ന് കലുഷിതമാണ്. രാജ്യത്തെ ജനങ്ങളെ ഭീതിയിലും ആശങ്കയിലുമാക്കുകയാണ് ഇക്കൂട്ടർ. സഹിഷ്ണുത ഇല്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ഇക്കൂട്ടർ. മോദി സർക്കാരിന്റെ ഭരണം രാജ്യത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായ തകർച്ചയിലേക്ക് കൊണ്ടുപോയി. ഭരണഘടനയുടെ മൗലിക തത്ത്വങ്ങൾക്കെതിരാണ് പൗരത്വ ബില്ല്. സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്തോടെ ബി.ജെ.പിയും അവരുടെ സർക്കാരും ധിക്കാരത്തോടെ ജനങ്ങളോട് പെരുമാറുന്നു. ഏറ്റവും വലിയ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് പൗരത്വം പോലുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും മനോജ് ഭട്ടാചാര്യ പറഞ്ഞു.
ചടങ്ങിൽ ആർ.എസ്. പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഷിബു ബേബിജോൺ സ്വാഗതം പറഞ്ഞു. എൻ. കെ. പ്രേമചന്ദ്രൻ എം.പി ,ബാബു ദിവാകരൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ,കെ.എസ് വേണുഗോപാൽ, ആർ. നാരായണപിള്ള ,കോലത്ത് വേണുഗോപാൽ ,സി.പി. സുധീഷ് കുമാർ, ഡയറീസ് ഡിക്രൂസ്,ജസ്റ്റിൻ ജോൺ ,കോക്കാട്ട് റഹീം, എസ്.ശോഭ,വാഴയിൽ അസീസ് ,ആർ.രാജശേഖരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.