assault

ചവറ: റോഡരികിലൂടെ നടന്നുവരികയായിരുന്ന മത്സ്യതൊഴിലാളിയെ ബൈക്കുകളിൽ എത്തിയ അക്രമികൾ മർദ്ദിച്ചതായി പരാതി. ചവറ പള്ളിയാടി ആദ്യത്യ ഭവനിൽ സന്തോഷിനാണ് (43) മർദ്ദനമേറ്റത്. ചവറ ബസ് സ്റ്റാൻഡിന് തെക്കുഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. സന്തോഷിനെ അക്രമികൾ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടു പോയ ശേഷം കുരിശുംമൂടിന് സമീപം എത്തിയപ്പോൾ ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സന്തോഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സന്തോഷിന്റെ വീടിനോട് ചേർന്നുള്ള മതിലിൽ പോസ്റ്റർ ഒട്ടിയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സംശയം. അക്രമികളും സന്തോഷിന്റെ ഭാര്യയുമായി ദിവസങ്ങൾക്ക് മുമ്പ് വാക്കേറ്റം നടന്നിരുന്നുവെന്നും ഇതിനെ തുടർന്നാണ് ആക്രമണമെന്നും പരാതിയിൽ പറയുന്നു.