icds
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസിന്റെ പ്രവർത്തന രൂപരേഖയടങ്ങിയ 'ഡയറി 2020' ജി.എസ്. ജയലാൽ എം.എൽ.എ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈലയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിൽ ഐ.സി.ഡി.എസ് പ്രവർത്തനങ്ങളുടെ രൂപരേഖകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 'ഡയറി 2020'ന്റെ പ്രകാശനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല അദ്ധ്യക്ഷത വഹിച്ചു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുഭാഷ്, ഇത്തിക്കര ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹരീഷ്, ആദിച്ചനല്ലൂർ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ഗിരികുമാർ, ആശാദേവി, ഇത്തിക്കര ഐ.സി.ഡി.എസ് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസർ രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.

വനിതാ-ശിശുവികസനം എന്നിവ ലക്ഷ്യമാക്കി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും സേവനങ്ങളും പൊതുജനങ്ങൾക്ക് മനസിലാകുന്ന വിധമാണ് ഡയറി തയ്യാറാക്കിയിട്ടുള്ളത്. സാമൂഹ്യ നീതി വകുപ്പും സുരക്ഷാ മിഷനും രൂപം നൽകിയിട്ടുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ, പോഷകവൈകല്യങ്ങൾ കണ്ടെത്തി അവയെ തടയുവാൻ ആവിഷ്‌കരിച്ച 'സമ്പുഷ്ട കേരളം' പദ്ധതിയുടെ വിശദാശംങ്ങൾ, കുട്ടികളുടെ വളർച്ചാ വികാസങ്ങളുടെ തോത് അളക്കുന്ന പട്ടികകൾ, വിവിധ ദിനാഘോഷങ്ങളുടെ സമയക്രമങ്ങൾ, ബ്ലോക്കിലും മുനിസിപ്പാലിറ്റിക്കും കീഴിലുള്ള അങ്കണവാടി ജീവനക്കാരുടെ ഫോൺ നമ്പറുകൾ എന്നിവയും ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിനെത്തിയ 350 ഓളം അങ്കണവാടി ജീവനക്കാർക്ക് ഡയറി വിതരണം ചെയ്തു.