fire-1
കത്തിനശിച്ച കട

തൊടിയൂർ: ഇന്നലെ പുലർച്ചെ നാലരയോടെ തൊടിയൂർ വെളുത്ത മണൽ മാർക്കറ്റ് ജംഗ്ഷനിലെ മൊത്തവ്യാപാര സ്ഥാപനത്തിലുണ്ടായ അഗ്‌നിബാധയിൽ 50 ലക്ഷത്തിൽപ്പരം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു.

പലചരക്ക്, സ്റ്റേഷനറി, ഫാൻസി, പ്ലാസ്റ്റിക് സാധനങ്ങൾ തുടങ്ങിയവ വിപണനം നടത്തുന്ന എൻ.എസ് സ്റ്റോഴ്‌സിലാണ് തീപ്പിടിത്തമുണ്ടായത്. കല്ലേലിഭാഗം വടക്കേ കരോട്ടുവീട്ടിൽ അജിത് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പുലർച്ചെ നടക്കാനിറങ്ങിയവരാണ് കടയ്ക്കുള്ളിൽ തീ കത്തുന്നത് കണ്ടത്. അവർ ഉടൻ കരുനാഗപ്പള്ളി ഫയർ സ്റ്റേഷനിൽ അറിയിച്ചു.ഫയർഫോഴ്‌സ് യൂണിറ്റ് പാഞ്ഞെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. തുടർന്ന് കായംകുളം, ചവറ, ശാസ്താംകോട്ട ,കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള എട്ടു ഫയർഫോഴ്‌സ് യൂണിറ്റുകൾ കൂടി പാഞ്ഞെത്തി തീ കെടുത്താൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ അഗ്‌നി ബാധ നിയന്ത്രണ വിധേയമാക്കി.കൊല്ലത്ത് നിന്ന് ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ ശക്തിയേറിയ വാട്ടർ ബൗസർ ഉൾപ്പടെ എത്തിച്ചെങ്കിലും അതിനുള്ളിൽ തീ കൊടുത്തിയിരുന്നു.
കത്തിയമരാതെ അവശേഷിച്ച
അരിച്ചാക്കുകൾ ഉൾപ്പടെയുള്ള സാധനങ്ങൾ ഫയർഫോഴ്‌സും കരുനാഗപ്പള്ളി പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചു. എന്നാൽ ഇവയെല്ലാം വെള്ളത്തിൽ കുതിർന്നുപോയിരുന്നു. മാർക്കറ്റ് ജംഗ്ഷനിലെ എൽ ആകൃതിയിലുള്ള കെട്ടിടത്തിലെ ആറു മുറികളിലായാണ് ഈ വാണിജ്യ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ ,
,കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, അസി. ഓഫീസർ സഖറിയ അഹമ്മദ് കുട്ടി, ചവറസ്റ്റേഷൻ അസി. ഓഫീസർ പ്രസന്നകുമാർ, ശാസ്താംകോട്ട അസി. ഓഫീസർ പ്രസന്നൻ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞു.