കൊല്ലം: ഭരണഘടനാ നിർമ്മാണത്തിൽ സ്ത്രീകൾ നിർണായക പങ്ക് വഹിച്ചതുപോലെ, അത് സംരക്ഷിക്കാനും സ്ത്രീകളുടെ മുന്നേറ്റം അനിവാര്യമാണെന്ന് മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി. കെ. ശ്രീമതി പറഞ്ഞു.
'രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്തവരെ, ഇന്ത്യയെ കശാപ്പു ചെയ്യാൻ അനുവദിക്കില്ല' എന്ന മുദ്റാവാക്യം ഉയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ സംഘടിപ്പിച്ച വർഗ്ഗീയ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.
പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി സധൈര്യം മുന്നോട്ട് വന്നത് പിണറായി സർക്കാരാണ്. അതിന്റെ ചുവടുപറ്റി 15 സംസ്ഥാനങ്ങൾ നിയമത്തിനെതിരെ പ്രമേയം പാസാക്കി. എന്നാൽ കേരളത്തിലെ കോൺഗ്രസുകാർ വൃത്തികെട്ട രാഷ്ട്രീയം ഇക്കാര്യത്തിലും കളിക്കുകയാണെന്ന് അവർ പറഞ്ഞു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സുജാത മോഹൻ അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, വൈസ് പ്രസിഡന്റ് എം. ലീലാമ്മ, ജോയിന്റ് സെക്രട്ടറി സബിദാ ബീഗം, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എം. ബി. ബിന്ദു, എം. കെ. നിർമ്മല, ജില്ലാ ട്രഷറർ ഗിരിജാകുമാരി, സെക്രട്ടറി പ്രസന്ന ഏണസ്റ്റ്, ഏരിയ സെക്രട്ടറി എസ്. ബീമ, രാജമ്മ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.