attack

 രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ

 2 പ്രതികൾ ഗൃഹനാഥന്റെ സഹോദരീ പുത്രന്മാർ

കൊല്ലം: ഗൃഹനാഥനെയും മകനെയും വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. പുന്തലത്താഴം ഉല്ലാസ് നഗർ 90 പള്ളിവിള വീട്ടിൽ ബിനിൽ (25), സഹോദരൻ വിനീത് (23), അയത്തിൽ ചരുവിള വീട്ടിൽ മിഥുൻ (18) എന്നിവരാണ് പിടിയിലായത്. പുന്തലത്താഴം ഉല്ലാസ് നഗർ 90ൽ ബാബുക്കുട്ടൻ, മകൻ നന്ദു എന്നിവരെ അക്രമിച്ച കേസിലാണ് അറസ്റ്റ്.

ബുധനാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. വീടിന്റെ കതക് പൊളിച്ച് അകത്തുകടന്ന മൂന്നംഗ സംഘം വടിവാൾ, പിച്ചാത്തി എന്നിവ ഉപയോഗിച്ച് ബാബുക്കുട്ടന്റെ മുതുകിലും വാരിയെല്ലിലും തലയ്ക്കും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ബിനിലും വിനീതും ബാബുക്കുട്ടന്റെ സഹോദരിയുടെ മക്കളാണ്. ഇരുവരുടെയും അടുത്ത സുഹൃത്താണ് മിഥുൻ. ആക്രമണത്തിൽ ബാബുക്കുട്ടന്റെ വാരിയെല്ലും തലയോട്ടിയും തകർന്നിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സി.ഐ വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
പ്രതികളുടെ സുഹൃത്തിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂവരും ഉമയനല്ലൂരിൽ ഒളിവിൽ താമസിക്കുന്നതായി വ്യക്തമായി. ഇതോടെ ഇരവിപുരം എസ്.ഐ എ.പി. അനീഷ്, പ്രൊബേഷൻ എസ്.ഐ ശ്രീജിത്ത്, സി.പി.ഒ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒളിവുസങ്കേതത്തിലെത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് സംഘം സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

മൂവരും ഇരവിപുരം സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതികളാണ്. നന്ദുവുമായി ബിനിലും വിനീതും നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.