women

# യുവതിക്ക് മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് നാലു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആർ. രാമബാബു വിധിച്ചു. പിഴത്തുകയിൽ നിന്ന് മുക്കാൽ ലക്ഷം യുവതിക്ക് നഷ്ടപരിഹാരമായി നൽകണം. കുണ്ടറ മുളവന പേരയം പടപ്പക്കര എഫ്രായിം വീട്ടിൽ ബിനു ജോസിനെയാണ് (ജീമോൻ) ശിക്ഷിച്ചത്. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് നാലു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ച് കയറിയതിന് നാലു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം.
2012 ജനുവരി 25 നാണ് കേസിനാസ്പദമായ സംഭവം. യുവതിയും തളർന്ന് കിടക്കുന്ന അമ്മയും മാത്രം താമസിക്കുന്ന വീട്ടിൽ സന്ധ്യയ്ക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിക്കെതിരെ കുണ്ടറ എസ്.ഐ. എസ്. ഷുക്കൂറാണ് കു​റ്റപത്രം സമർപ്പിച്ചത്. വിചാരണയുടെ അന്തിമ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ബലാത്സംഗം ചെയ്യാൻ വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കു​റ്റകൃത്യംകൂടി ഉൾപ്പെടുത്തി വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, എ.കെ. മനോജ് എന്നിവർ ഹാജരായി.