കൊല്ലം: യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരങ്ങളെ അണിനിരത്തി കന്റോൺമെന്റ് മൈതാനിയിൽ സംഘടിപ്പിച്ച മനുഷ്യഭൂപടം പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ താക്കീതായി. 'ചങ്കുറപ്പോടെ ഭാരതം ഒരുക്കാം ഒരുമയുടെ ഭൂപടം' പരിപാടിയിൽ ദേശീയ പതാകയിലെ നിറങ്ങളുള്ള തൊപ്പിയണിഞ്ഞ് വനിതകളുൾപ്പെടെ പങ്കെടുത്തു. സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ നാനാതുറകളിലുള്ള പൗരപ്രമുഖരും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. കൃത്യം 5.15ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. തുടർന്ന് നടന്ന പൊതുസമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ അദ്ധ്യക്ഷത വഹിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജമീല ഇബ്രാഹിം, എ.ഷാനവാസ് ഖാൻ, മോഹൻശങ്കർ, പി.രാജേന്ദ്രപ്രസാദ്, എ.എ.അസീസ്, എ.യൂനുസ് കുഞ്ഞ്, എൻ. പീതാംബരക്കുറുപ്പ്, എം.എം.നസീർ, പ്രതാപവർമ്മ തമ്പാൻ, കല്ലട ഫ്രാൻസിസ്, കെ.എസ് വേണുഗോപാൽ, ടി.സി.വിജയൻ, എം.അൻസറുദ്ദീൻ, പി.ആർ പ്രതാപചന്ദ്രൻ, മോൺ. ഫെർഡിനാന്റ് കായാവിൽ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി മുഹമ്മദ്, ഉമ്മർ മൗലവി, കമറുദ്ദീൻ മൗലവി, ഫാ. റൊമാൻസ് ആന്റണി, എന്നിവർ പങ്കെടുത്തു.
രണ്ടാം സ്വാതന്ത്ര്യസമരത്തിന്
കളമൊരുങ്ങുന്നു: വി.എം.സുധീരൻ
രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കളമൊരുങ്ങുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ ആശയങ്ങളെ ഹിന്ദു മഹാസഭയും ആർ.എസ്.എസും ഭയപ്പെടുന്നു. ഗാന്ധിജി ഒരുമയുടെ ഇന്ത്യയെ അണിനിരത്തിയപ്പോൾ ആർ.എസ്.എസുകാർ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തു. ആർ.എസ്.എസും കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുത്തു. എന്നാൽ ഇന്ന് ലോകം ഗാന്ധിയിലേക്ക് അടുക്കുമ്പോൾ ഗാന്ധിജിയുടെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ തമസ്കരിക്കപ്പെടുന്നു. ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ ജനത ഒന്നിച്ചാൽ തങ്ങളുടെ ആശയങ്ങൾ ഇല്ലാതാവുമെന്ന് ആർ.എസ്.എസുകാർ ഭയപ്പെടുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ഭരണപരാജയം ജനശ്രദ്ധയിൽ നിന്ന് തിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ന്യൂനപക്ഷത്തിനും ദളിത് സമൂഹത്തിനും നൽകുന്ന ഭരണഘടനാ ഉറപ്പ് എല്ലാതരത്തിലും നിഷേധിച്ച് ഭരണഘടനയെ അപ്രസക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ചു ഭരിച്ച അതേ നയമാണ് മോദിയും കൂട്ടരും ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.