13 വെള്ളാപ്പള്ളി സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറി
കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന് കക്ഷി രാഷ്ട്രീയമില്ലെന്നും നിലപാട് പ്രശ്നാധിഷ്ഠിതമാണെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കൊല്ലം യൂണിയന്റെ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 13 വീടുകളുടെ സമർപ്പണവും താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി നല്ലതുചെയ്താൽ നല്ലതെന്ന് പറയും. മോശം പ്രവൃത്തിചെയ്താൽ മോശമെന്ന് പറയും. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് നേതൃത്വത്തെ തള്ളിപ്പറയുന്നതാണ് സമുദായം നേരിടുന്ന വെല്ലുവിളി. ദാഹജലം ചോദിച്ചുവന്നവർക്ക് കരിക്കിൻ വെള്ളം നൽകി. അധികാരവും നൽകി. കരിക്കിൻ വെള്ളം കുടിച്ചിട്ട് അതിന്റെ തൊണ്ണാൻ ഇപ്പോൾ തനിക്ക് നേരെ എറിയുകയാണ്. സംവരണം അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും സമുദായം ഒറ്റക്കെട്ടാകുന്നില്ല. ഒന്നായാലേ നന്നാകൂ.
നിയമങ്ങളും ചട്ടങ്ങളും ഉള്ളവനെ കൂടുതൽ സഹായിക്കാനാണ്. ഇല്ലാത്തവന് ഒന്നും നൽകുന്നില്ല. അധികാരത്തിന്റെ ഉന്നതങ്ങളിലെ ഉദ്യോഗസ്ഥവൃന്ദം സവർണ അജണ്ട നടപ്പാക്കുകയാണ്. അവിടെ നമുക്ക് വേണ്ടി ശബ്ദിക്കാനാളില്ല.
ചങ്ങനാശ്ശേരിയിൽ നിന്ന് ഒരു കത്ത് നൽകിയപ്പോൾ തന്നെ ഈ സർക്കാർ ദേവസ്വം ബോർഡിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകി. അവർക്ക് പത്ത് നൽകുമ്പോൾ 20 ശതമാനം സംവരണം ലഭിക്കാനുള്ള അവകാശം ഈഴവസമുദായത്തിനുണ്ട്. സംഘടിത മതശക്തികളും സവർണ്ണ ശക്തികളും ആനുകൂല്യങ്ങളെല്ലാം തട്ടിയെടുക്കുകയാണ്.
മറ്റൊരു യൂണിയനും കഴിയാത്ത വിധം മനോഹരമായാണ് കൊല്ലം യൂണിയൻ 13 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഐ.ഇ.എസ് പരീക്ഷയിൽ 17-ാം റാങ്ക് നേടിയ ഉദയമാർത്താണ്ഡപുരം ശാഖാ സെക്രട്ടറി രാജീവിന്റെ മകൾ രേഷ്മാ രാജീവിനെ ചടങ്ങിൽ ആദരിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, മഹിമ അശോകൻ, പ്രമോദ് കണ്ണൻ, യൂണിയൻ കൗൺസിലർമാരായ പുണർതം പ്രദീപ്, ബി. വിജയകുമാർ, ബി. പ്രതാപൻ, ജി.ഡി. രാഖേഷ്, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം.സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ജി. രാജ്മോഹൻ, അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ്. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദി പറഞ്ഞു.