പുനലൂർ: കനത്ത വേനലിൽ കുടിവെളളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ പുനലൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി. പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്ന് ഐക്കരക്കോണം റോഡിലേക്കുള്ള റോഡിലെ പൈപ്പ് ലൈനാണ് പൊട്ടിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പത്ത്മീറ്ററോളം ഉയരത്തിൽ പൊങ്ങിയ വെളളം റോഡിൽ പരന്നൊഴുകിയത് കാൽനടയാത്രികരെയും ഗതാഗതത്തെയും ബാധിച്ചു. രാത്രി വൈകിയും പൈപ്പിലൂടെയുള്ള ജലവിതരണം നിറുത്തിവയ്ക്കാൻ അധികൃതർ തയ്യാറാത്തതിനാൽ വെള്ളം റോഡിലൂടെ ഒഴുകുകയായിരുന്നു.
പുനലൂർ രാംരാജ്, മുസ്ലീം പള്ളി, ഐക്കരക്കേണം, കക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാൻ സ്ഥാപിച്ചിരുന്ന പഴയ പൈപ്പ് ലൈനാണ് പൊട്ടിയത്. ഒരാഴ്ച മുമ്പ് ചെറിയ ചോർച്ച അനുഭവപ്പെട്ട പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടത്താത്തതാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.