കരുനാഗപ്പള്ളി :ഗാന്ധിഘാതകരെ വാഴ്ത്തപ്പെട്ടവരായി ചിത്രീകരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ആപത്താണെന്ന് ആർ രാമചന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കേരള സർവോദയമണ്ഡലം, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങൾ ഗാന്ധിജിയെ നെഞ്ചേറ്റുമ്പോൾ ഭാരതത്തിൽ ഗാന്ധി സ്മരണകൾ പോലും ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സർവോദയമണ്ഡലം ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, സർവോദയമണ്ഡലം ഭാരവാഹികളായ യോഹന്നാൻ ആന്റണി, ഒ. ചെറിയാൻ, നീലേശ്വരം സദാശിവൻ, സ്വദേശി ഡയറക്ടർ എ.ആർ. ഷെഫീഖ്. കൗൺസിൽ ഭാരവാഹികളായ ജി. മഞ്ജുക്കുട്ടൻ, സുമയ്യ സലാം, ആർ. ഇന്ദ്രജിത്. എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ ഷിയാസ് ഖാൻ ഗാന്ധിജിയുടെ അമൂർത്ത ചിത്രം ചടങ്ങിൽ വരച്ചു.