30 കുപ്പി വിദേശമദ്യവും 200 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു
കൊല്ലം: മൊബൈൽ ഫോണിൽ വിവരം നൽകിയാൽ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം മദ്യം സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന യുവാവ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായി. തൃക്കോവിൽവട്ടം കിഴവൂർ ഇ.എസ്.എ അശുപത്രിക്ക് സമീപം ബിനോജ് ഭവനത്തിൽ ബിനോയ് (23) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 200 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുടെ പിടിച്ചെടുത്തു.
ബിവറേജസ് കോർപ്പറേഷനുകളുടെ ഔട്ട്ലെറ്റുകളും ബാറുകളും അവധിയായിരിക്കുന്ന ദിവസങ്ങളിൽ ഇരുചക്രവാഹനത്തിൽ ചുറ്റിത്തിരിഞ്ഞ് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. മാഹി, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രഹസ്യമായി മദ്യവും പുകയില ഉല്പന്നങ്ങളും കടത്തികൊണ്ടുവന്ന് വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി രഹസ്യമായി സൂക്ഷിച്ച് ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ച് കൊടുക്കുകയാണ് പതിവ്.
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.എസി.പി ജോർജ്ജ് കോശിയുടെ നിർദ്ദേശാനുസരണം കണ്ണനല്ലൂർ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിൽ ആണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണനല്ലൂർ എസ്.ഐ ജയശങ്കർ, സുന്ദരേശൻ, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ മണികണ്ഠൻ, ഷെമീർഖാൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.