കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ന്യൂ ജനറേഷൻ മയക്കുമരുന്നായ എം.ഡി.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി അമരത്ത് മഠം വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട സ്വദേശി മനീഷാണ് (21) പിടിയിലായത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്ന പ്രതി എം.ഡി.എയിലേക്ക് തിരിഞ്ഞത് ചെറിയ അളവിൽ രഹസ്യമായി കൊണ്ടുവരാം എന്നതിനാലാണ്. ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് കൊണ്ടു വന്നതാണെന്ന് വെളിപ്പെടുത്തി. കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു.
സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി നസീർ.എം.എ, ഡി.സി.ആർ.ബി എ.സി.പി എം. അനിൽ കുമാർ, കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ, ഇൻസ്‌പെക്ടർ മഞ്ജുലാൽ ,എസ്.ഐ മാരായ ജയകുമാർ,അലക്‌സാണ്ടർ, ജോഷി, ലഹരി കടത്തുകാരെ കണ്ടെത്താനുള്ള കമ്മിഷണറുടെ ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു.പി.ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.