c
കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്ദിരത്തിൽ മന്നത്തു പത്മനാഭന്റെ അർദ്ധ കായ വെങ്കല പ്രതിമ അനാഛാദനം ചെയ്തശേഷം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഭദ്രദീപം കൊളുത്തുന്നു. യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള സമീപം

കൊട്ടാരക്കര: പൗരത്വ ഭേദഗതി ബില്ലിൽ അവസാന തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.ഈ ബില്ലിനെ കുറിച്ച് ജനങ്ങളിൽ ഉണ്ടായ ആശങ്ക ഇല്ലാതാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാരാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്ദിരാങ്കണത്തിൽ സ്ഥാപിച്ച സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ അർദ്ധകായ വെങ്കല പ്രതിമയുടെ അനാഛാദനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസിന്റെ സമദൂര സിദ്ധാ‌ന്തം ശരിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സ്വയം സഹായ സംഘങ്ങളുടെയും നേതൃത്വത്തിൽ യൂണിയനിൽ ആരംഭിക്കുന്ന പത്മാകഫേയുടെ ഉദ്ഘാടനവും ജനറൽ സെക്രട്ടറി നിർവഹിച്ചു. എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ജി.തങ്കപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം അഡ്വ.പായിക്കാട്ട് എൻ.കേശവപിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ കലഞ്ഞൂർ മധു, അഡ്വ.എൻ.വി. അയ്യപ്പൻപിള്ള,അഡ്വ.ചിതറ എസ്.രാധാകൃഷ്ണൻ, ജി.ഗോപകുമാർ, പി.എൻ.സുരേഷ്, വി.വി.ശശിധരൻ നായർ, ചാത്തന്നൂർ മുരളി, പി.ഹരികുമാർ എന്നിവർ സംസാരിച്ചു. പി. ഗോപിനാഥൻപിള്ള ഉപഹാര സമർപ്പണം നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ സ്വാഗതവും കെ.പ്രഭാകരൻനായർ നന്ദിയും പറഞ്ഞു.