കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആശുപത്രിയായ കിംസാറ്റിന്റെ ശിലാസ്ഥാപനം നാളെ നടക്കും. ഗോവിന്ദമംഗലത്ത് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാസ്ഥാപനം നിർവഹിക്കും. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആശുപത്രിയുടെ ഓഹരി സർട്ടിഫിക്കറ്റുകളുടെ വിതരണം മന്ത്രി കെ. രാജു നിർവഹിക്കും. മുൻ എം.പി കെ.എൻ. ബാലഗോപാൽ പ്രതിഭകളെ ആദരിക്കും.
കടയ്ക്കൽ- കന്നിക്കുഴി റോഡിൽ ഗോവിന്ദമംഗലത്ത് എട്ട് ഏക്കർ സ്ഥലത്താണ് ആശുപത്രി നിർമ്മിക്കുന്നത്. ഒന്നാം ഘട്ടമായി 40 കോടി രൂപ ചെലവഴിക്കും.ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള 17 ചികിത്സാവിഭാഗങ്ങളുണ്ടാകും. ബാങ്കിന്റെ മൂല ധനത്തോടൊപ്പം 20 കോടി രൂപ പൊതുജനങ്ങളിൽ നിന്ന് ഓഹരിയിനത്തിൽ സമാഹരിക്കുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി 2021 മാർച്ചിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കുമെന്ന്
ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ, വൈസ് പ്രസിഡന്റ് പി. പ്രതാപൻ, സെക്രട്ടറി പി. അശോകൻ, ഭരണസമിതി അംഗങ്ങളായ കെ. മധു, ടി.എസ്. പ്രഫുല്ലഘോഷ്, സൈഫുദ്ദീൻ, ജെ.എം. മർഫി, എസ്. പ്രഭാകരൻ പിള്ള തുടങ്ങിയവർ അറിയിച്ചു.